Image Credit : Facebook/ Twitter
കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ആരാധകന് പിന്തുണയുമായി കന്നട സൂപ്പര്‍താരം യഷ്. ആരാധകന് മുന്നില്‍ വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട യഷ് അസുഖത്തെ കുറിച്ച് ചോദിച്ചറിഞ്ഞെന്ന് മാത്രമല്ല, താനെല്ലാത്തിനും കൂടെയുണ്ടെന്നും അറിയിച്ചു. ഇരുവരും തമ്മിലുളള സംഭാഷണത്തിന്‍റെ വിഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിച്ചതോടെ യഷിന് കയ്യടിക്കുകയാണ് ആരാധകര്‍.
ശിവമൊഗ്ഗ ജില്ലയിലെ യഷ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുനിലാണ് കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഈ വിവരം അറിഞ്ഞ യഷ് ഉടനെ തന്നെ സുനിലിനെ ബന്ധപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുനിലിന്‍റെ മാതാപിതാക്കളോട് രോഗവിവരത്തെ കുറിച്ച് ചോദിച്ചറിഞ്ഞ താരം എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സുനിനോട് സംസാരിച്ച താരം പേടിക്കേണ്ട, ധൈര്യമായിരിക്കൂ..ഞാനുണ്ട് കൂടെ എന്നുപറയുന്നതും വിഡിയോയിലുണ്ട്.
യഷിന്‍റെ ഈ പ്രവൃത്തിയ്ക്ക് വലിയ സ്വീകാര്യതയും കയ്യടിയുമാണ് സൈബറിടത്ത് നിന്നും ലഭിക്കുന്നത്. വളരെ ചുരുക്കം താരങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ആരാധകരെ ചേര്‍ത്തുനിര്‍ത്തുന്നതെന്നും യഷ് വീണ്ടും വീണ്ടും ഒരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് തെളിയിക്കുകയാണെന്നും സോഷ്യല്‍ ലോകം പറയുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് യഷ്. റോക്കി ഭായ് എന്ന താരത്തിന്‍റെ കഥാപാത്രം ഒന്നുമാത്രം മതി താരത്തെ എക്കാലവും സിനിമാലോകം ഓര്‍ത്തിരിക്കാന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ബിഗ് ബജറ്റ് ചിത്രമാണ് യഷിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. നയന്‍താരയടക്കം വലിയൊരു താരനിര ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാലോകം നോക്കിക്കാണുന്നത്.