"എന്താ സാർ ഞങ്ങളുടെ ജീവനൊരു വിലയുമില്ലേ?" ബെംഗളൂരുവിലെ തിരക്കേറിയ നഗരമധ്യത്തിൽ നിന്നും ഉയർന്ന ഒരു സാധാരണക്കാരന്‍റെ ചോദ്യമാണിത്. കഴിഞ്ഞ ദിവസം ഐടി നഗരമായ ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ട്രാഫിക് പോലീസ് റോഡിലെ സിഗ്നലുകൾ ബ്ലോക്ക് ചെയ്തിട്ടിരുന്നു. മുപ്പത് നിറ്റോളമാണ് യാത്രക്കാരെ മുഴുവൻ പോലീസ് ഈ രീതിയിൽ തടഞ്ഞിട്ടത്. ഈ സമയം ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗർഭിണിയായ ഒരു സ്ത്രീയും അവരുടെ ഭർത്താവും കാറുമായി ഈ കുരുക്കിൽപ്പെട്ടു. ഹോസ്പിറ്റലിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കേണ്ട സാഹചര്യത്തിലാണ് മുപ്പത് മിനിറ്റോളം കാറിൽ ഇവർക്ക് റോഡിൽ കിടക്കേണ്ടി വന്നത്.
സമയം വൈകുന്തോറും തന്‍റെ ഭാര്യയുടെ അവസ്ഥ മോശമാകുന്നതായി കണ്ട യുവാവ് നേരെ ചെന്ന് റോഡിന് നടുവിൽ ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ട്രാഫിക്ക് പോലീസ് അടുത്തുവന്ന് ഇയാളോട് മാറാൻ ആവശ്യപ്പെടുന്നതും അയാൾ അതിന് വിസമ്മതിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ഗർഭിണിയായ ഭാര്യയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കേണ്ടിയിരുന്നെങ്കിലും ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥർ കാർ കടത്തിവിടാൻ തയ്യാറാകാതിരുന്നതായിരുന്നു അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. "എന്‍റെ ഭാര്യ ഗർഭിണിയാണ് അവളെ ആശുപത്രിയിൽ കൊണ്ടുപോകണം, ഗവർണർ ഒരു വി.ഐ.പി ആയതുകൊണ്ട് ഞങ്ങൾ ആരുമല്ലെന്നാണോ ? ഞങ്ങളുടെ ജീവനെന്താ ഒരു വിലയുമില്ലേ ?" എന്ന് അയാൾ ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.
പോലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവിന്‍റെ ചോദ്യത്തിന് മുന്നിൽ കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അതേസമയം, ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. വി.ഐ.പി കൾക്ക് വേണ്ടി ആംബുലൻസുകളും രോഗികളടക്കം സഞ്ചരിക്കുന്ന വാഹനങ്ങളും വഴിയിൽ തടഞ്ഞിടുന്നത് എന്ത് നീതിയാണെന്നാണ് ആളുകൾ ചോദിക്കുന്നത്. ജനാധിപത്യ രാജ്യത്ത് ജനങ്ങളേക്കാൾ വലുതാണോ ജനപ്രതിനിധികളും ഭരണാധികാരികളും എന്ന ഗൗരവമേറിയ ചോദ്യം മുന്നിൽവച്ചുകൊണ്ടാണ് ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്.