പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ പറമ്പിന്റെ ഉടമയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേട്ടയാടുന്നു എന്ന് പരാതി. നാട്ടുകാരനായ സന്തോഷിന്റെ പറമ്പിലാണ് ആന ചെരിഞ്ഞത്. വൈദ്യുതവേലിയിൽ തട്ടിയാണ് ആന ചെരിഞ്ഞതെന്നാണ് സംശയം.
കഴിഞ്ഞ മുപ്പതിനാണ് സന്തോഷിന്റെ പറമ്പിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. അനധികൃതമായി നേരിട്ട് വൈദ്യുതി കടത്തിവിട്ട വേലിയിൽ തട്ടി കാട്ടാനയ്ക്ക് വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം. ആന ചെരിഞ്ഞതിന് പിന്നാലെ സന്തോഷ് ഒളിവിൽ പോയി. എന്നാൽ ആനയുടെ മരണത്തിൽ പങ്കില്ലെന്നാണ് സന്തോഷിന്റെ ഭാര്യ ഗീതയുടെ വിശദീകരണം.
വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ മാനസികമായി ഉപദ്രവിക്കുന്നു എന്നാണ് ഗീതയുടെ പരാതി. സന്തോഷ് തന്നെയാണ് ആന ചെരിഞ്ഞ വിവരം പഞ്ചായത്ത് അംഗത്തെ അടക്കം അറിയിച്ചത്. മേഖലയിൽ കാട്ടുമൃഗ ശല്യം കാരണം കൃഷി ചെയ്യാൻ ഒരു വഴിയുമില്ല എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വൈദ്യുതാഘാതം തന്നെയാണ് ആന ചെരിയാൻ കാരണം എന്നാണ് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നത്.
നേരത്തെയും ഈ മേഖലയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞിരുന്നു. അനധികൃതമായി വൈദ്യുതി കടത്തിവിടുന്നത് കൂടുന്നുവെന്നും ഇത് നാട്ടുകാർക്കും ഭീഷണിയാകുമെന്നുമാണ് വനംവകുപ്പിന്റെ ആശങ്ക. സിപിഎം നേതാക്കളടക്കം ആരോപണവിധേയനായ സന്തോഷിനും നാട്ടുകാർക്കും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാട്ടാനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വനംവകുപ്പ് നടപടികൾ കൂടുതൽ കടുപ്പിക്കും.