kollam-flat

TOPICS COVERED

കൊല്ലത്ത് സുനാമി പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ ചതുപ്പിൽ താഴ്ന്നു. കൂട്ടിക്കടയിൽ നിർമ്മിച്ച 38 ഫ്ലാറ്റുകളാണ് ചതുപ്പിൽ താഴ്ന്നത്. മണ്ണ് പരിശോധനയില്ലാതെ ഫ്ലാറ്റുകൾ അശാസ്ത്രീയമായി നിർമ്മിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

അന്നൊരു സുനാമി കാലത്ത് വീശി അടിച്ച തിരമാലകൾ കവർന്നെടുത്തതാണ് ഇവരുടെ സ്വപ്നങ്ങൾ. രാവും പകലും അധ്വാനിച്ച് മുണ്ടു മുറുക്കിയുടുത്ത് സ്വരുക്കൂട്ടി വച്ചതെല്ലാം കടലെടുത്തപ്പോൾ, ഫ്ലാറ്റുകൾ നൽകുമെന്ന സർക്കാരിന്‍റെ വാഗ്ദാനം പ്രതീക്ഷയുടെ പുതുനാമ്പുകൾ സൃഷ്ടിച്ചു. താക്കോൽ വാങ്ങി വീടിനുള്ളിലേക്ക് കാലെടുത്തു വച്ചവർ പകച്ചുനിന്നു. അശാസ്ത്രീയമായി ചതുപ്പ് നിലത്തില്‍ ഫ്ലാറ്റ് വച്ചത് കൊണ്ട് മഴ വെളളം വീഴുമ്പോള്‍ കെട്ടിടത്തിന്‍റെ ഓരോ ഭാഗവും അടര്‍ന്നു വീഴാന്‍ തുടങ്ങി.

കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ തലയില്‍ ഇടിഞ്ഞുവീഴുമെന്ന് പേടിയിലാണ് ഓരോ ദിനവും കുടുംബങ്ങള്‍ ഇവിടെ തള്ളിനീക്കുന്നത്. അപകടമുണ്ടായാല്‍ മാത്രമേ അധികാരികള്‍ ഉണരൂ. അതുവരെ നിസ്സംഗ ഭാവം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.

നാല് കോടിയിലധികം രൂപ ചെലവഴിച്ചാണ് കൂട്ടിക്കടയിലെ ആക്കോൽ ഭവന പദ്ധതി. 104 ഫ്ലാറ്റുകളാണ് പണിതത്. ഇതിൽ 58 എണ്ണം തുറന്നു നൽകി. മണ്ണ് പരിശോധനയില്ലാതെ ചതുപ്പുള്ള സ്ഥലത്ത് നിർമ്മിച്ച 38 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയാൽ അപകടം ഉണ്ടാകുമെന്ന് മനസ്സിലാക്കി റവന്യൂ അധികൃതർ അത് മറച്ചുവെച്ചു. കാലക്രമേണ കെട്ടിടങ്ങൾ പയ്യെ പയ്യെ ചതുപ്പിൽ താഴുകയാണ്.  ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറക്കണമെന്ന അപേക്ഷയാണ് ഈ കുടുംബങ്ങള്‍ക്കുളളത്.

Around 38 flats constructed under the Tsunami Rehabilitation Programme at Kottikkada in Kollam have begun sinking into marshland due to unscientific construction carried out without proper soil testing.: