• കൊല്ലം പട്ടത്താനത്തുനിന്ന് കാണാതായ 12 കാരനെ ആറു ദിവസത്തെ തിരച്ചിലിനൊടുവിൽ ഗോവയിലെ മഡ്ഗാവിലാണ് ആർപിഎഫും പൊലീസും ചേർന്ന് കണ്ടെത്തിയത്.

കൊല്ലത്ത് നിന്നും കാണാതായ 12 കാരനെ ആറു ദിവസത്തിനു ശേഷം ഗോവയില്‍ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനാണ് വീടുവിട്ടിറങ്ങി ഗോവയിലേക്ക് പോയത്. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് കുട്ടി സ്വയം മുടി മുറിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. നിലവിൽ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. 

Also Read: നവംബർ 3 മുതൽ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. സ്കൂള്‍വിട്ടെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളില്‍ വീടുവിട്ടിറങ്ങുകയായിരുന്നു. യാത്ര പോവുകയാണെന്നും 30 വര്‍ഷത്തിനു ശേഷമെ തിരികെ വരികയുള്ളൂവെന്നും കുട്ടി സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാല്‍ എന്തിനാണ് ഗോവയില്‍ പോയതെന്നതില്‍ വ്യക്തതയില്ല. 

കുട്ടി സൈക്കിളില്‍ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തുകയും ചെയ്തു. പിന്നാലെ ട്രെയിൻ കയറി പോയിരിക്കാമെന്ന അനുമാനത്തിൽ ആർപിഎഫും പൊലീസും നടത്തിയ തിരച്ചിലിലാണ് ഗോവയിലെ മഡ്ഗാവില്‍ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. 

ബംഗാള്‍ സ്വദേശികളായ കുട്ടിയുടെ കുടുംബം കഴിഞ്ഞ 3 വർഷത്തിലേറെയായി കൊല്ലത്താണ് താമസം. 

ENGLISH SUMMARY:

A 12-year-old boy who went missing from Kollam was safely traced to Madgaon in Goa six days after his disappearance. The child, belonging to a migrant family from Kolkata living in Pattathanam, had left home on his bicycle after school without informing anyone. Prior to leaving, he had informed his classmates that he was embarking on a long journey and would only return after 30 years, while also cutting his own hair to alter his appearance. Railway Protection Force and local police tracked him down to Goa after finding his abandoned bicycle at the Kollam Railway Station.