ട്രോളിങ്ങ് നിരോധനത്തിലും മീന്‍ വരവ് കുറഞ്ഞതോടെ വറുതിയിലായി പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍. കിട്ടുന്ന മല്‍സ്യത്തിന് വില കൂടിയതോടെ വില്‍പനയും കുറഞ്ഞു
യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാത്ത ട്രോളിങ്ങ് നിരോധന കാലത്ത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് അത്യാവശ്യം മീന്‍ കിട്ടുന്ന അവസ്ഥയാണ്. എന്നാല്‍ ഇക്കുറി എല്ലാ പതിവും തെറ്റി. സ്ഥിരമായി കിട്ടാറുള്ള മല്‍സ്യങ്ങളൊന്നും കിട്ടുന്നില്ല. പ്രതികൂല കാലാവസ്ഥയാണ് മീന്‍ വരവ് കുറയുന്നതിന് കാരണമായി തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സീസണില്‍ സാധാരണ കിട്ടാറുള്ള കിളിമീന്‍, കണവ, മത്തി എന്നിവയുടെയും വരവ് തീരെ കുറഞ്ഞു. മല്‍സ്യം വരവ് കുറഞ്ഞതോടെ വിലയും അസാധാരണമാം വിധം വര്‍ധിച്ചു.
ജൂലൈ 31 വരെയാണ് ട്രോളിങ്ങ് നിരോധനം. സംസ്ഥാനത്ത് മല്‍സ്യ ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സ്യമാണ് മാര്‍ക്കറ്റിലെത്തുന്നത്. ഈ മല്‍സ്യങ്ങളുടെ ഗുണനിലവാര പരിശോധനയും ചെക്ക്പോസ്റ്റുകളില്‍ ശുഷ്കമാണെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആരോപണം.