ഒരുകാലത്ത് വിവാഹ വീടുകളിലും ചടങ്ങുകളിലും നിറഞ്ഞുനിന്നിരുന്നത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീക്ഷയുടെയുമെല്ലാം അന്തരീക്ഷമാണ്. ഇന്നെന്താ അങ്ങനെയല്ലേ എന്ന് ചോദിച്ചാല്‍ ഇന്നും അങ്ങനെയുണ്ട്, അങ്ങനെതന്നെയാണ് കൂടുതലും. പക്ഷെ, ചില സംഭവങ്ങള്‍ കാണുമ്പോള്‍, അറിയുമ്പോള്‍ തോന്നിപ്പോവുന്നത് മറ്റൊന്നാണ്. വിവാഹ സല്‍ക്കാരത്തിനിടെ പപ്പടം കിട്ടിയില്ല, ബിരിയാണി വൈകി, സെല്‍ഫി എടുക്കുന്നത് തടഞ്ഞു, പാര്‍ക്കിങ്ങിന് സ്ഥലം കിട്ടിയില്ല, ഡിജെയ്ക്കിടെ ദേഹത്ത് തട്ടി അങ്ങനെ പലതിന്റെയും പേരില്‍ അടിയുടെ പൂരമാണ്. കഴിഞ്ഞദിവസം കൊല്ലത്ത് ഐസ്ക്രീമിനുവേണ്ടിയാണ് അടിയുണ്ടായത്. രണ്ടാമതും ഐസ്ക്രീം ചോദിച്ചയാളോട് ഐസ്ക്രീം തീര്‍ന്നുവെന്ന് പറഞ്ഞതാണ് തര്‍ക്കത്തിന്റെ തുടക്കം. പിന്നെ കണ്ടത് ഒരു തല്ലുമാലയാണ്. സംഘര്‍ഷം കണ്ട് വധു കുഴഞ്ഞുവീണു. സല്‍ക്കാരത്തിനെത്തിയവര്‍ പ്രാണരക്ഷാര്‍ഥം ചിതറിയോടി. പുറമെനിന്ന് കാണുന്നവര്‍ക്ക് ഇതൊരു കൗതുകമുള്ള സംഭവമായിരിക്കാം. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ കാലത്ത്. വിവാഹിതരാവുന്നവര്‍ക്കോ അവരുടെ ഉറ്റബന്ധുക്കള്‍ക്കോ അങ്ങനെയല്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അലങ്കോലമായി പോവുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അല്‍പം ഗൗരവമുള്ള വിഷയവുമുണ്ട്. എന്തുകൊണ്ടാണ് ആഘോഷത്തിന്റെ വേദികള്‍ ചിലപ്പോള്‍ സംഘര്‍ഷത്തിന്റെ വേദികളാകുന്നത്? നമ്മുടെ സഹിഷ്ണുത കുറഞ്ഞുവരികയാണോ?