reels

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര–കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എസ്. അഭിജിത്തിന്റെ ലൈസൻസാണ് എൻഫോഴ്സ്മെന്റ് ആർടിഒ സസ്പെൻഡ് ചെയ്തത്.

ബസ് ഓടിക്കുന്നതിനിടെ അഭിജിത് മൊബൈൽ ഫോണിൽ റീൽസ് കാണുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ യാത്രക്കാരാണ് പകർത്തിയത്. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അഭിജിത്തിനെ ഇന്ന് ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വാദം കേട്ടശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

അപകടങ്ങൾ പതിവായ കൊട്ടാരക്കര എം.സി റോഡിലൂടെ സർവീസ് നടത്തുന്ന ബസ് ഓടിക്കുമ്പോൾ ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നടപടിയാണിതെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ കൂടുതൽ കർശന പരിശോധനയും നടപടികളും വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports that a KSRTC bus driver's license has been suspended for three months after a passenger video showed him watching social media reels while driving. The Enforcement RTO took strict action against the driver, S. Abhijit, following widespread public outrage over safety violations on the Kottarakkara-Kollam route.