vdgov

മുഖ്യമന്ത്രി വി.ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാർ ഇന്ന് ഒരു മാസം പൂർത്തിയാക്കുന്നു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉൾപ്പെടെയുള്ള ജനപ്രിയ തീരുമാനങ്ങളിലൂടെ ആദ്യ മാസത്തിൽ തന്നെ ജനശ്രദ്ധ നേടാൻ സർക്കാരിന് കഴിഞ്ഞെങ്കിലും, ചില നിയമന വിവാദങ്ങൾ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയായിട്ടുമുണ്ട്.

കഴിഞ്ഞ മാസം ഇതേ ദിവസമാണ് വൻ രാഷ്ട്രീയ തിരിച്ചുവരവിനെ ആഘോഷമാക്കി പുതിയ മന്ത്രിസഭ അധികാരമേറ്റത്. ജനങ്ങളുടെ വലിയ പ്രതീക്ഷകൾക്കിടയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശ്വാസകരമായ നിരവധി തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.

പിണറായി വിജയൻ മന്ത്രിസഭയുടെ നവകേരള യാത്രയ്ക്കിടെ നടന്ന രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പുനഃപരിശോധനയ്ക്ക് തീരുമാനിച്ചതിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്ന അധികാര ദുരുപയോഗ ആരോപണങ്ങൾക്കെതിരായ ശക്തമായ നടപടിയായാണ് സർക്കാർ അവതരിപ്പിച്ചത്. സിൽവർലൈൻ പദ്ധതി ഔദ്യോഗികമായി ഉപേക്ഷിക്കുകയും പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തത് പൊതുസമൂഹത്തിൽ ശ്രദ്ധ നേടിയ തീരുമാനങ്ങളായിരുന്നു.

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചതിലൂടെ സർക്കാർ സാമൂഹിക നയരംഗത്ത് പുതിയ ചുവടുവെപ്പാണ് നടത്തിയത്. തുടർന്ന് നിയമസഭയിലെ നന്ദിപ്രമേയ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സഭയിൽ അവതരിപ്പിച്ചതോടെ സാമ്പത്തിക വിഷയങ്ങളിലെ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമായി.

ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പ്രിയദർശിനി’ പദ്ധതിയും ഈ മാസത്തിനിടെ യാഥാർഥ്യമായി. ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി വ്യാപക ജനപിന്തുണ നേടി.

എന്നാൽ ജനപ്രിയ തീരുമാനങ്ങൾക്കിടയിൽ ചില നിയമനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലുമാക്കി. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും, ശബരിമല സ്വർണക്കടത്ത് കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്ന കെ.ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതും വിമർശനങ്ങൾക്ക് വഴിവെച്ചു. വിവാദങ്ങളെ തുടർന്ന് ഇരു നിയമനങ്ങളിലും സർക്കാർ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടിവന്നു.

അതേസമയം, പി.എം ശ്രീയെ സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിലപാട് തുടർന്നേക്കുമെന്ന സൂചനകൾ രാഷ്ട്രീയമായി കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. സർക്കാരിന്റെ ആദ്യ മാസത്തിന് സമാപനം കുറിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശന് നാളത്തെ ദിവസം നിർണായകമാണ്. ആർ. ശങ്കർ, സി. അച്യുതമേനോൻ, ഉമ്മൻചാണ്ടി എന്നിവർക്കുശേഷം മുഖ്യമന്ത്രിയായിരിക്കെ ധനമന്ത്രിയായും ബജറ്റ് അവതരിപ്പിക്കുന്ന നേതാവെന്ന പ്രത്യേകതയോടെയാണ് അദ്ദേഹം നിയമസഭയിൽ എത്തുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങൾക്കപ്പുറം സർക്കാരിന്റെ സാമ്പത്തിക, വികസന മുൻഗണനകളും ഭരണദിശയും വ്യക്തമാക്കുന്ന രേഖയായിരിക്കും ഈ ബജറ്റെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ENGLISH SUMMARY:

Kerala Government's first month under CM V D Satheeshan has seen popular decisions like KSRTC free travel for women and menstrual leave, alongside appointment controversies. The government's economic and development priorities will be further clarified with the upcoming budget presentation.