പക്ഷികളോടുള്ള അതിയായ സ്നേഹമാണ് ഒന്‍പത് വയസുകാരനായ യദി ഡി. ഉല്ലാസിന്. ആ സ്നേഹം യദിയെ കൊണ്ടെത്തിച്ചത് അപൂർവമായൊരു ശേഖരത്തിലാണ്. ആമസോൺ മഴക്കാടുകളിലെ പക്ഷികളുടെ തൂവലുകൾ ഉൾപ്പെടെ 150-ഓളം ഇനം പക്ഷികളുടെ തൂവലുകളാണ് കൊല്ലം വെട്ടിക്കവല സ്വദേശിയായ യദി ശേഖരിച്ചിരിക്കുന്നത്
വാളകം കോബസ് ഗ്ലോബൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ യദി, ഒഴിവുസമയങ്ങളിൽ മാതാപിതാക്കൾക്കൊപ്പം വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര നടത്തി പക്ഷികളുടെ തൂവലുകൾ ശേഖരിക്കുകയാണ്. നാട്ടിൽ കാണുന്ന പക്ഷികളിൽ നിന്ന് ആരംഭിച്ച ശേഖരണം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വിദേശങ്ങളിലേയ്ക്കും വ്യാപിച്ചു.
മകന്റെ താൽപര്യം തിരിച്ചറിഞ്ഞ് ജല അതോറിറ്റി ഉദ്യോഗസ്ഥനായ പിതാവ് ഉല്ലാസും അധ്യാപികയായ മാതാവ് ദീപലക്ഷ്മിയും എല്ലാ പിന്തുണയും നൽകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രകളിൽ ലഭിച്ച തൂവലുകൾക്കൊപ്പം, വിദേശത്തേയ്ക്ക് പോകുന്ന പരിചയക്കാരും അപൂർവ തൂവലുകൾ യദിക്കായി എത്തിച്ചുനൽകാറുണ്ട്.
ശേഖരിച്ച എല്ലാ തൂവലുകളും ക്രമീകരിച്ച് പ്രത്യേക ആൽബങ്ങളിലാക്കി സൂക്ഷിച്ചിരിക്കുകയാണ് യദി. ഓരോ തൂവലിനും പിന്നിലെ പക്ഷിയെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താൻ ശ്രമിക്കുന്ന ഈ കൊച്ചുമിടുക്കന്റെ ശേഖരം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
പക്ഷികളോടുള്ള കൗതുകവും പ്രകൃതിയോടുള്ള അടുപ്പവുമാണ് തന്റെ ശേഖരണത്തിന് പ്രചോദനമെന്ന് യദി പറയുന്നു. ഇനിയും കൂടുതൽ ഇനം പക്ഷികളുടെ തൂവലുകൾ കണ്ടെത്തി ശേഖരിക്കണമെന്നതാണ് ഈ ഒന്‍പത് വയസുകാരന്റെ സ്വപ്നം. ആ സ്വപ്നസാക്ഷാത്കാരത്തിനായി യദിക്കൊപ്പം കുടുംബവും ആവേശത്തോടെ യാത്ര തുടരുകയാണ്.