പുതിയ സെന്‍ട്രല്‍ ജയില്‍ കൊല്ലം കുണ്ടറയില്‍ സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ്. അലിന്‍ഡിന്‍റെ കൈവശമുള്ള കുത്തക പാട്ടഭൂമി ഏറ്റെടുത്ത് ജയില്‍ സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ സെന്‍ട്രല്‍ ജയിലിനുള്ള ആലോചന നടക്കുന്നത്.
കൊല്ലത്ത് ജയിലിനുള്ള അനുയോജ്യമായ സ്ഥലം കുണ്ടറയാണെന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അലിന്‍ഡിന്‍റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കാന്‍ തീരുമാനിച്ചത്. 90 ഏക്കര്‍ ഭൂമിയാണ് നിലവില്‍ അലിന്‍ഡിന്‍റെ കൈവശമുള്ളത്. ഇതില്‍ 64 ഏക്കര്‍ ഏറ്റെടുക്കാനാണ് ആലോചന.
അലിന്‍ഡിന്‍റെ ഉപയോഗം കഴിഞ്ഞുള്ള ഭൂമിയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ ഭൂമിയെങ്കില്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോയേക്കാം. ഇതൊഴിവാക്കി വേഗത്തില്‍ നിര്‍മാണത്തിലേയ്ക്ക് കടക്കാനാണ് അലിന്‍ഡിന്‍റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് 600 പേര്‍ക്കുള്ള സെല്ലുകള്‍ ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയില്‍ സെന്‍ട്രല്‍ ജയില്‍ ഇല്ലാത്തതിനാല്‍ കൊല്ലത്തെ കോടതികളിലുള്ള തടവുകാരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിക്കുന്നത്. നേരത്തെ ചാത്തന്നൂരില്‍ സെന്‍ട്രല്‍ ജയിലിനുള്ള സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.