punar

കൊല്ലം തെന്മലയിലെ പുനർജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികൾ. സ്ഥാപനത്തിന്റെ ഉടമ ബ്രഹ്മദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഭയകേന്ദ്രത്തിൽ താമസിച്ചിരുന്ന വയോധികമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, അനധികൃത പണപ്പിരിവ്, അന്തേവാസികളെ സമ്മർദത്തിലാക്കി പണം വാങ്ങൽ തുടങ്ങിയ ആരോപണങ്ങളാണ് സ്ഥാപനത്തിനെതിരെ ഉയർന്നിരിക്കുന്നത്.

അന്തേവാസികളിൽ നിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കിയിരുന്നുവെന്നതിനൊപ്പം, അഭയകേന്ദ്രത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതികളുണ്ട്. ഈ ആരോപണങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.

അതിനിടെ, പുനർജനി അഭയകേന്ദ്രത്തിൽ മുൻപ് നടന്നതായി പറയപ്പെടുന്ന ദുരൂഹ മരണങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം പൊതുപ്രവർത്തകരും വിവിധ സംഘടനകളും ഉയർത്തിയിട്ടുണ്ട്. പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ അഭയകേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരത്തെ ഗാന്ധിഭവനിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ സർക്കാർതല അന്വേഷണവും ആരംഭിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മാത്രമല്ല, പുനർജനി അഭയകേന്ദ്രത്തിന് സാമൂഹ്യനീതി വകുപ്പിന്റെയോ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയോ ഔദ്യോഗിക അംഗീകാരം ഇല്ലെന്നാണ് പരിശോധന നടത്തിയ കേരള സ്റ്റേറ്റ് സീനിയര്‍ സിറ്റിസണ്‍സ് കമ്മിഷന്‍ വ്യക്തമാക്കിയത്.

ENGLISH SUMMARY:

Punnerjani Abhayakendram Kollam is facing serious allegations, leading to the arrest of its owner, Brahma Das. Investigations are underway following complaints of sexual assault, intimidation, and illegal fundraising from elderly residents.