കൊല്ലം അഞ്ചല്‍ സ്വദേശിനിയും ഐടി ഉദ്യോഗസ്ഥയുമായ കാര്‍ത്തിക നായര്‍ ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ ആത്മഹത്യചെയ്യില്ലെന്നും, മരണം ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടി ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കേസെടുക്കാത്തതു കാരണം കോടതിയെ സമീപിച്ചിരിക്കുകയാണ് അച്ഛന്‍ വേണുഗോപാലന്‍ നായര്‍.
കാര്‍ത്തികയെ ഫെബ്രുവരി 20നാണ് ഫ്ലാറ്റിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017 ജൂലൈയിലായിരുന്നു കാര്‍ത്തിക നായരും തിരുവനന്തപുരം സ്വദേശി നിഖിലിന്‍റേയും വിവാഹം. സ്വകാര്യ കോളജിലെ അധ്യാപികയായിരുന്ന കാര്‍ത്തിക ജോലി രാജിവച്ച് നിഖിലിനൊപ്പം ബെംഗളൂരുവിലെത്തി ഐടി സ്ഥാപനത്തില്‍ ജോലി നേടി. ഐടി സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന നിഖില്‍ ഇടയ്ക്കുവെച്ച് മെക്സിക്കോയിലേക്ക് പോയി. ഇതിനു ശേഷമാണ് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായത്.
കാര്‍ത്തികയുടെ തൂങ്ങിമരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതിനല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നാണ് ആരോപണം. മരണത്തിനു അര മണിക്കൂര്‍ മുന്‍പ് കാര്‍ത്തിക ഫ്ലാറ്റിലേക്ക് വരുന്ന ദൃശ്യങ്ങളും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക നേരത്തെ അയച്ച ഫോണ്‍ചാറ്റുകളും പൊലീസില്‍ ഹാജരാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനു , ഡിജിപിക്കും വേണുഗോപാലന്‍ നായര്‍ പരാതി നല്‍കി. മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നു അമ്മ ഇന്ദിരാകുമാരിയും പറഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോടതിയെ സമീപിച്ചിരിക്കുകയാണ് മാ താപിതാക്കള്‍. നിഖില്‍ കാര്‍ത്തിക ദമ്പതികള്‍ക്ക് അഞ്ചു വയസായ മകളുണ്ട്.