മന്ത്രി ചിഞ്ചു റാണി മണ്ഡലം മാറി കൊല്ലത്തെ ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലേക്കെത്താൻ സാധ്യത. നിലവിലെ ചാത്തന്നൂര്‍ എം.എല്‍.എ, ജി.എസ്. ജയലാല്‍ മൂന്നു ടേമായതിനാല്‍ ഇത്തവണ മാറും. ചടയമംഗലം എം.എല്‍.എയാണ് നിലവില്‍ മന്ത്രി കൂടിയായ ജെ.ചിഞ്ചുറാണി.

കഴിഞ്ഞ തവണ ചിഞ്ചുറാണിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഐ പ്രാദേശിക ഘടകത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും 13,678 വോട്ടുകള്‍ക്കാണ് മണ്ഡലം നിലനിര്‍ത്തിയത്. കടുത്ത ഇടതുപക്ഷ തരംഗമുണ്ടായിട്ടും 2016 ലെ ഭൂരിപക്ഷമായ 21928 ലെത്താന്‍ കഴിഞ്ഞില്ലെന്നു പാര്‍ടിയിലെ തന്നെ ശത്രുക്കള്‍ പറയുന്നു. ഇത്തവണ ജി.എസ്.ജയലാല്‍ ടേം വ്യവസ്ഥയില്‌‍ മാറുമ്പോള്‍ ചിഞ്ചു റാണി ചാത്തന്നൂരിലേക്ക് എത്തുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.

സാം കെ.ഡാനിയലിനെ മല്‍സരിപ്പിക്കാന്‍ സിപിഐ നേതൃനിരയിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നുണ്ട്. നിലവില്‍ സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയും സംസ്ഥാന നിര്‍വാഹക സമിതിയംഗം കൂടിയാണ് സാം. എന്നാല്‍ ചിഞ്ചുറാണിയുടെ മാറ്റത്തെ കുറിച്ച് സിപിഐ ഇതുവരെ ഔദ്യോഗികമായി മനസ് തുറന്നിട്ടില്ല. 

അവര്‍ തന്നെ വീണ്ടും ചടയമംഗലത്ത് മല്‍സരിക്കുമെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ കഴിഞ്ഞ തവണ മല്‍സരിച്ച എം.എം.നസീര്‍, ഡിസിസി ജനറല്‍ സെക്രട്ടറി വി.ടി.സിബി,   മുന്‍ ജില്ലാ പഞ്ചായത്തംഗം പി.എസ്.പ്രദീപ് എന്നിവരുടെ പേരാണ് പരിഗണനയില്‍. പുനലൂരും ചടയമംഗലവും കോണ്‍ഗ്രസും മുസ്ലിംലീഗും  വെച്ച് മാറുന്ന ചര്‍ച്ചകളും അണിയറയില്‍ പുരോഗമിക്കുന്നു. 

ENGLISH SUMMARY:

Kerala politics takes a turn as Minister J Chinchu Rani is likely to shift constituencies. The move comes amidst speculation about the upcoming elections and potential candidates.