എറണാകുളം ജില്ലാ കൗണ്‍സിലില്‍ സിപിഐ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം . സി.കെ.ചന്ദ്രപ്പനുശേഷം കൊള്ളാവുന്ന സെക്രട്ടറിയില്ല. നിലവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേതൃഗുണമില്ല. 

പി.വസന്തത്തെ സ്ഥാനാര്‍ഥിയാക്കിയതിനും വിമര്‍ശനമുയര്‍ന്നു. തളിപ്പറമ്പില്‍ പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിന് തുല്യമാണിത്. ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാനുള്ള യോഗ്യത പോലുമില്ലെന്നും ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. 

 

Also read: പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ പിബിയില്‍ തര്‍ക്കം; വാര്‍ത്ത തള്ളാതെ എം.എ. ബേബി

 

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ സിപിഐ മുൻ സെക്രട്ടറി കെ.കെ.ശിവരാമനെതിരെ ജില്ലാ എക്സിക്യൂട്ടീവ്  നടപടി സ്വീകരിച്ചിരുന്നു. ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ എന്നിവയിൽ നിന്ന് ശിവരാമനെ ഒഴിവാക്കാനാണ് അടിയന്തരമായി കൂടിയ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനമെടുത്തത്. ജില്ലാ കൗൺസിൽ തീരുമാനം അംഗീകരിച്ചതിനു ശേഷം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് നൽകും. 

ശിവരാമൻ പാർട്ടി അച്ചടക്കം പാലിക്കുന്നില്ലെന്നാണു വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ നേതാക്കളെ വിമർശിക്കുന്നതായും ആരോപണമുയർന്നു.  പീരുമേട്ടിൽ സിപിഐ സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെ നിശ്ചയിച്ചത് പാളിയെന്നുൾപ്പെടെ പരസ്യമായി വിമർശിച്ചിരുന്നു. ഇവയാണ് പാർട്ടി നടപടിക്കു പിന്നിൽ‌.

 

പാർട്ടിയുടെ കുത്തക മണ്ഡലമായ ചാത്തന്നൂരിൽ സിപിഎം–ബിജെപി ഡീൽ മൂലമാണ് പാർട്ടി സ്ഥാനാർഥി തോറ്റതെന്ന് സിപിഐ മണ്ഡലം നേതൃയോഗത്തിൽ ആരോപണമുയര്‍ന്നിരുന്നു. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലിന്റെ വിജയത്തിനായി ബിജെപിയുമായി ഡീലിൽ ഏർപ്പെട്ടെന്നാണ് ആരോപണം. സിപിഎമ്മിന്റെ കേന്ദ്രങ്ങളിൽ ബിജെപി സ്ഥാനാർഥിയുടെ മുന്നേറ്റം ഇതിനു തെളിവാണെന്നും ആരോപണമുണ്ടായി.

 

പിണറായിയുടെ ഒറ്റയാൾ നേതൃത്വമാണു തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്കു കാരണമെന്നും അംഗങ്ങൾ തുറന്നടിച്ചു. ചാത്തന്നൂരിലെ പരാജയം സംബന്ധിച്ച് അന്വേഷിക്കുന്നതിനു കമ്മിഷനെ നിയമിക്കണമെന്നും ആവശ്യം ഉയർന്നു. എന്നാൽ ഇതിനു മറുപടി നൽകാതെ മണ്ഡലം കമ്മിറ്റിയിലെ ചർച്ച സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിക്കുമെന്ന് ഉപരി കമ്മിറ്റി പ്രതിനിധികൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട നേതൃത്വത്തിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നും വിമർശനം ഉയർന്നു.

ENGLISH SUMMARY:

Binoy Viswam faces sharp criticism regarding leadership qualities at the Ernakulam district council, with allegations of poor candidate selection and breaches of party discipline also emerging. The discussions highlight significant dissatisfaction with the current CPI leadership and election strategies.