ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് കുടുംബം. കോഴിക്കോട് മെഡി. കോളജില്‍ത്തന്നെ ജോലി നല്‍കും. നഷ്ടപരിഹാരം നല്‍കുമെന്നും ഉറപ്പ് ലഭിച്ചു. തെരുവില്‍ക്കിടന്നപ്പോള്‍ അവഗണിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് ഹര്‍ഷിന പ്രതികരിച്ചു. ഹര്‍ഷീനയ്ക്ക് നീതി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ ഇന്ന് പറഞ്ഞിരുന്നു. ചികിത്സാപ്പിഴവുകളെക്കുറിച്ചുള്ള മുന്‍ പരാതികളില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടാല്‍ വീണ്ടും അന്വേഷണം നടത്തുമെന്നും മുന്‍വിധിയോടെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുഭരണ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം. തുടര്‍ന്ന്
ന്യായമായ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിരിരുന്നു. അർഹമായ നഷ്ടപരിഹാരം നൽകാന്‍ സർക്കാർ തയാറായില്ല. 2 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. ഇത് വാങ്ങാൻ ഹർഷിന തയാറായിട്ടില്ല. കേസിൽ 1.92 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന സംസ്ഥാന സർക്കാരിനെയും മെഡിക്കൽ കോളജിലെ 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും എതിർകക്ഷിയാക്കി കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30നു നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി ഹർഷിന നാലേമുക്കാൽ വർഷമാണ് ദുരിതം അനുഭവിച്ചത്. 2022ലാണ് ശസ്ത്രക്രിയ നടത്തി കത്രിക വയറ്റിൽനിന്നെടുത്തത്. ഇരകൾക്കൊപ്പമെന്ന് ആവർത്തിച്ചുപറയുമ്പോഴും വേറെവഴിക്ക് ഓടുന്ന സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ ഈ വനിതയ്ക്കു നീതി തേടി സമരത്തെരുവിലിറങ്ങേണ്ടിവന്നു. 8 വർഷത്തോളമായി ദുരിതമനുഭവിച്ച ഹർഷിനയുടെ ചികിത്സ യുഡിഎഫ് ഏറ്റെടുത്തിരുന്നു. ഹർഷിന സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്യവേയാണു അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഹായം പ്രഖ്യാപിച്ചത്.