File photo

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പൊളിറ്റ് ബ്യൂറോയില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്ത തള്ളാതെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഐക്യകണ്ഠേനയുള്ള തീരുമാനമാണോ എന്ന് ചോദ്യത്തിന് വിശദാംശങ്ങളിലേക്ക് കടക്കാനാകില്ലെന്ന മറുപടിയായിരുന്നു ബേബി നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം പി.ബി അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന സിപിഎം യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കിയതില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്; അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്. 

Also Read: ‘രത്തന്‍ കേല്‍ക്കറെ സെക്രട്ടറിയാക്കിയതില്‍ തെറ്റെന്ത്? സിഇഒ ആയി ശുപാര്‍ശ ചെയ്തത് എല്‍ഡിഎഫ്’

പൂർണ പിബി യോഗത്തിൽ മലയാളികളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവരുടെയും തന്റെ തന്നെയും വോട്ടില്ലായിരുന്നുവെങ്കിൽ പിണറായിക്കു പ്രതിപക്ഷനേതൃപദം ദുഷ്കരമാകുമായിരുന്നു. പിണറായി പ്രതിപക്ഷനേതാവാകുന്നതിനോടു മറ്റൊരു മലയാളി അംഗം വിജു കൃഷ്ണൻ വിയോജിച്ചു.

പിബിയിലെ 18 അംഗങ്ങളിൽ യു.വാസുകി ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ല. 10 പേർ പിണറായി തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 7 പേർ എതിർത്തു. തിരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്ത കഴിഞ്ഞ പിബിയിൽ പിണറായിയും എം.വി. ഗോവിന്ദനും നിരത്തിയ ന്യായവാദങ്ങളെ നിശിതമായി വിമർശിച്ച ബംഗാൾ ഘടകത്തിലെ അംഗങ്ങൾ പിണറായി തുടരട്ടെയെന്ന നിലപാടിനോടു പിന്നീ് യോജിച്ചു. കേരളത്തിൽനിന്നുള്ളവർക്കു പുറമേ തപൻ സെൻ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ. ബാലകൃഷ്ണൻ, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവർ പിണറായിയെ പിന്തുണച്ചു. വിജു കൃഷ്ണനു പുറമേ, ബി.വി.രാഘവലു, നീലോൽപൽ ബസു, അശോക് ധാവ്‌ളെ, ജിതേൻ ചൗധരി, മറിയം ധാവ്‌ളെ, ആർ.അരുൺകുമാർ എന്നിവർ എതിർത്തു.

ENGLISH SUMMARY:

Pinarayi Vijayan's appointment as opposition leader was marked by a controversy within the CPM Politburo, which MA Baby did not dismiss. The decision faced internal dissent and was ultimately passed with a slim majority, highlighting ongoing debates within the party's leadership.