പാര്‍ട്ടി മാറിയതിന്‍റെ പേരില്‍ അനുഭവിച്ച ഊരുവിലക്കിനു മകളെ പഞ്ചായത്തംഗമാക്കി അച്ഛന്‍റെ പ്രതികാരം. വിജയിച്ച അശ്വതിയെ പഞ്ചായത്തു പ്രസിഡന്‍റാക്കി കോണ്‍ഗ്രസ്. സിപിഎം ശക്തികേന്ദ്രമായ കുമ്മിള്‍ പഞ്ചായത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഊരുവിലക്കിനു കാരണമെന്നു അശ്വതിയുടെ അച്ഛന്‍ പുരുഷോത്തമന്‍.
പാര്‍ട്ടി മാറിയതിന്‍റെ പേരില്‍ ഭീഷണി ഒട്ടേറെയുണ്ടായിട്ടുണ്ടെന്നും, വഴി നടക്കാന്‍ പോലും പ്രയാസമായിരുന്നെന്നും മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ പുരുഷോത്തമന്‍ പറയുന്നു. താന്‍ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് മകള്‍ അശ്വതി ഉത്തമന്‍റെ വിജയമെന്ന് പുരുഷോത്തമന്‍.
പഞ്ചായത്ത് രുപീകരിച്ചശേഷം ആദ്യമായാണ് കുമ്മിള്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തത്. തൃക്കണ്ണാപുരം ജനറല്‍ വാര്‍ഡില്‍ നിന്നാണ് പട്ടികജാതി വനിതയായ അശ്വതി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. ബൂത്ത് ഏജന്‍റായി ഇരുന്നവരെപോലും ഭീഷണിപ്പെടുത്തിയെന്നു അശ്വതി. പഞ്ചായത്ത് പ്രസിഡന്‍റ് ജനറല്‍ വനിതാ സംവരണമായിട്ടും കോണ്‍ഗ്രസ് അശ്വതിയെ പഞ്ചായത്ത് പ്രസിഡന്‍റാക്കാന്‍ തീരുമാനമെടുത്തു.