എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വിമർശനം. ജനങ്ങളുമായി ബന്ധമില്ലെന്നാണ് വിമർശനം ഉയർന്നത്. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സിപിഎം ജില്ലാ കമ്മിറ്റിയും അംഗീകരിച്ചതിന് പിന്നാലെയായിരുന്നു എൽഡിഎഫ് മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. അതേസമയം, നാളെ മുതൽ ശ്യാമളയുടെ പ്രചാരണം തുടങ്ങാൻ കമ്മിറ്റി തീരുമാനിച്ചു. പി. ജയരാജന് ചുമതലയും നൽകി
Also Read: മലബാറിലെ മുസ്‌ലിം വോട്ടുകളില്‍ കണ്ണുവച്ച് സിപിഎം; കാന്തപുരത്തേയും സമസ്തകളെയും ഒപ്പം കൂട്ടാന്‍ ശ്രമം
പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ഉറപ്പിച്ചിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ചുയർന്ന ആരോപണങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആരും പരാമർശിച്ചില്ല. ശൈലജയെ പേരാവൂരിലേക്കു മാറ്റിയതിനെതിരെയും പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിനെതിരെയും പാർട്ടിയിലും സമൂഹമാധ്യമങ്ങളിലും ഉയരുന്ന വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റി തള്ളി. വിഷയം സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ ഒരാൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, എം.വി.ഗോവിന്ദൻ തന്നെ വിശദീകരണവുമായെത്തി. വിവാദം അനാവശ്യമാണെന്നു പറഞ്ഞ ഗോവിന്ദൻ, പി.കെ.ശ്യാമള കാലങ്ങളായി പാർട്ടി പ്രവർത്തനത്തിൽ സജീവമാണെന്നിരിക്കെ ഇപ്പോൾ ‘ഭാര്യാപദവി’ പൊട്ടിമുളച്ചത് എങ്ങനെയെന്നും ചോദിച്ചു. പിന്നീട് ആരും ഇക്കാര്യം ഉന്നയിച്ചില്ല.
അതേസമയം, സിപിഎമ്മിന് സ്വാധീനമുള്ള പൊന്നാനിയിൽ എംകെ സക്കീറിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ നിയോജകമണ്ഡലം സിപിഎം കമ്മിറ്റിയിൽ രൂക്ഷ വിമർശനം. എം കെ സക്കീറിന് വിജയ സാധ്യത കുറവാണെന്നും സിപിഎമ്മിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളെ സ്ഥാനാർഥിയാക്കമെന്നുമാണ് ആവശ്യമുയർന്നത്. ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നുവെന്നും വിമർശനം ഉയർന്നു. നിലവിൽ വഖഫ് ബോർഡ് ചെയർമാനായ എം കെ സക്കീർ നേരത്തെ പിഎസ് സി ചെയർമാനുമായിരുന്നു. പൊന്നാനിയിൽ നിന്നുള്ള ജില്ലാ സെക്രട്ടറി തങ്ങളായ പി കെ ഖലിമുദ്ദീൻ, ടി എം സിദ്ദീഖ്, എം. സ്വരാജ് എന്നിവരിൽ ഒരാളെ പരിഗണിക്കാമെന്നും അഭിപ്രായമുയർന്നു. യോഗത്തിൽ പങ്കെടുത്ത ആറു പേരാണ് വിമർശനം ഉയർത്തിയത്. ടി. എം. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ പൊന്നാനിയിൽ പ്രകടനം നടന്നിരുന്നു. അന്ന് ടി. എം. സിദ്ദിഖ് ഉൾപ്പെടെയുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.