എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാറായ അവസ്ഥയില്‍ കൊല്ലം പുനലൂരിലെ വ്യാപാര സമുച്ചയം. ആയൂര്‍വേദ ആശുപത്രിയടക്കം പ്രവര്‍ത്തിക്കുന്ന നഗരസഭാ സമുച്ചയമാണ് അപകടാവസ്ഥയിലായത്. പലവട്ടം പരാതി പറഞ്ഞിട്ടും അധികൃതര്‍ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
നാലു പതിറ്റാണ്ടു മുന്‍പാണ് കല്ലടയാറ്റിന്‍റെ തീരത്താണ് നഗരസഭ വ്യാപാര സമുച്ചയം നിര്‍മ്മിച്ചത്. കെട്ടിടം അപകടാവസ്ഥയിലാക്കി ആല്‍മരം വളര്‍ന്നിട്ടു പോലും അനങ്ങാപ്പാറ നയമാണ് അധികാരികള്‍ കാണിച്ചത്. ഫലമോ ചുവരുകളടക്കം വിണ്ടുകീറി അപകടാവസ്ഥയിലായി. തൂണുകളിലേയും മേല്‍ക്കൂരകളിലേയും കമ്പി ദ്രവിച്ചു ഇളകി കഴിഞ്ഞു. ദിനം തോറും നൂറു കണക്കിനു ആള്‍ക്കാര്‍ വന്നു പോകുന്ന ആയുര്‍വേദ ആശുപത്രി, താലൂക്ക് ലോട്ടറി ഓഫിസ്, തുടങ്ങിയതടക്കമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.കെട്ടിടം ഇത്രയും അപകടാവസ്ഥയിലാകാന്‍ കാരണം കൃത്യ സമയത്ത് നടത്തേണ്ട അറ്റകുറ്റ പണികള്‍ നടത്താത്തതാണെന്നാണ് പരക്കെയുള്ള ആക്ഷേപം. അനാസ്ഥ തുടര്‍ന്നാല്‍ കെട്ടിടം പൊളിഞ്ഞു വീഴുന്ന നാള്‍ വിദൂരമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.