കൊലചെയ്യപ്പെട്ട യുവതിയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് കളവുപോയതായി ബന്ധുക്കള്‍. ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറിയും അണ്‍എയ്ഡഡ് സകൂള്‍ ജീവനക്കാരിയുമായ കലയനാട് സ്വദേശിനി ശാലിനിയുടെ മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണാണ് നഷ്ടപ്പെട്ടത്. കമ്മൽ, രണ്ട് വളകള്‍, പാദസ്വരം എന്നിവയടക്കം 20 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കുടുംബം അറിയിച്ചു. ഇതിന് ഏകദേശം രണ്ടര ലക്ഷം രൂപ വിലവരും.
ഭർത്താവ് കൊലപ്പെടുത്തിയ ശാലിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി സ്വർണം അഴിച്ച് കാഷ്വാൽറ്റി വിഭാഗത്തിലെ ഇൻജക്ഷൻ റൂമിലുള്ള അലമാരയിൽ സൂക്ഷിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് അറിയിച്ചതനുസരിച്ചു സ്വര്‍ണം കൈപ്പറ്റാന്‍ ശാലിനിയുടെ അമ്മ ലീല ആശുപത്രിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മകള്‍ മരിച്ച വിഷമത്തിലായിരുന്നുവെന്നും സ്വർണം ആശുപത്രിയിൽ തന്നെ ഉണ്ടാകുമെന്നാണ് കരുതിയതെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടാഴ്ച മുന്‍പും ആഭരണങ്ങള്‍ ഏറ്റുവാങ്ങാനായി ആശുപത്രിയില്‍ എത്തിയെങ്കിലും അവ അലമാരയില്‍ പൂട്ടിവെച്ചിരിക്കുകയാണെന്നും താക്കോല്‍ മറ്റൊരാളുടെ കയ്യില്‍ ആണെന്നുമാണ് അന്ന് നഴ്‌സുമാര്‍ അറിയിച്ചത്.
ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം 8 നും 11 നും ഇടയിലാണ് മോഷണം നടന്നതെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. കഴിഞ്ഞമാസം 22 ന് രാവിലെ 6:30നാണ് ശാലിനിയെ ഭര്‍ത്താവ് ഐസക് മാത്യു കൊലപ്പെടുത്തിയത്. സമൂഹമാധ്യമത്തില്‍ കൊലപാതക വിവരം പോസ്റ്റിട്ട ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.