കൊല്ലം ശൂരനാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്‍റെ സ്ഥാപനം കേന്ദ്രീകരിച്ച് നികുതി വെട്ടിപ്പ് നടന്നതായി ജി.എസ്.ടി ഇന്‍റലിജന്‍സ് കണ്ടെത്തി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന് മുപ്പത്തിയഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിശോധന രാഷ്ട്രീയ പ്രേരിതമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അനുതാജിന്‍റെ ആരോപണം.
വ്യവസായ സംരഭകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പിഎസ് അനുതാജിന്‍റെ ശൂരനാട്ടെ വീട്ടിലും ഒാഫിസിലുമാണ് സംസ്ഥാന ജിഎസ് ടി വകുപ്പിന്‍റെ കൊട്ടാരക്കര, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇന്‍റലിജന്‍സ് യൂണിറ്റുകള്‍ സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയ്ക്കെെത്തിയവരെ തടഞ്ഞുവച്ചെന്ന വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ അനുതാജ് ഉള്‍പ്പെടെ മുപ്പത്തിയഞ്ചു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ഉദ്യോസ്ഥര്‍ പിടിച്ചെടുത്ത രേഖകള്‍ ബലമായി തട്ടിയെടുത്തു കൊണ്ടുപോയന്നും പരാതിയുണ്ട്.
നികുതി വെട്ടിപ്പ് നടന്നതിന്‍റെ രേഖകള്‍ കണ്ടെത്തിയെന്നും തുക തിട്ടപ്പെടുത്തി വരികയാണെന്നും ജിഎസ്.ടി ഇന്‍റലിജന്‍സ് ആന്‍ഡ‍് എന്‍ഫോഴ്സ്മെന്‍റ് ജോയിന്‍റ് കമ്മിഷണര്‍ അറിയിച്ചു. അതേസമയം പരിശോധന രാഷ്ട്രീയപ്രേരിതമെന്നാണ് അനുതാജിന്‍റെ ആരോപണം. കര്‍ട്ടനുകള്‍ ഇറക്കുമതി ചെയ്യുന്ന താജ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനമാണ് അനുതാജിന്‍റെ പേരിലുളളത്.