ambulance

TOPICS COVERED

ചേർത്തല താലൂക്ക് ആശുപത്രിയിലെ ആംബുലൻസുകളെല്ലാം കട്ടപ്പുറത്ത്. ആശുപത്രിയിലെ നാല്  ആംബുലൻസുകളും ഓടാതായതോടെ രോഗികൾക്ക് സ്വകാര്യ ആംബുലൻസുകളാണ് ആശ്രയം. സർക്കാർ ആശുപത്രിയിലെ ആംബുലൻസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് നടത്താത്തത് സ്വകാര്യ ആംബുലൻസുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട് .

നാലു വർഷമായി ചേർത്തല ആശുപത്രിയിലെ ആംബുലൻസുകൾ കട്ടപ്പുറത്താണ്.  അത്യാധുനിക സൗകര്യങ്ങളുള്ള  ആംബുലൻസുകളായിരുന്നു ഇവ. ചെറിയ അറ്റകുറ്റപ്പണികൾ നടത്തി ഈ വാഹനങ്ങൾ പുറത്തിറക്കാമായിരുന്നിട്ടും ചെയ്യുന്നില്ല എന്നാണ് പരാതി. എ. എം ആരിഫിൻ്റെ  എംപി ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നൽകിയ അത്യാധുനിക ആംബുലൻസ് അപകടത്തെ തുടർന്ന് വർക്ക്ഷോപ്പിലായിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. ആശുപത്രി വികസന സമിതി പലതവണ വിഷയം ചർച്ചചെയ്തെട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നും ആരോപണം ഉണ്ട്.

സ്വകാര്യ ആംബുലൻസുകളെ സഹായിക്കാനുള്ള നീക്കമാണ്  ആംബുലൻസുകൾ  കട്ടപ്പുറത്ത് തന്നെ തുടരുന്നതിന് കാരണമെന്നാണ് ആക്ഷേപം. രണ്ട്  സ്ഥിരം ഡ്രൈവറും ,  രണ്ടു താൽക്കാലിക ഡ്രൈവർമാരുമാണ് ജോലി ചെയ്യുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആംബുലൻസുകൾ ഉള്ള ആതുരാലയമായിരുന്നു ചേർത്തല താലൂക്ക് ആശുപത്രി. 2040 വരെ സർവീസ് കാലാവധിയുള്ള ആംബുലൻസുകളാണ് സ്വകാര്യ വർക്ക് ഷോപ്പുകളിൽ കിടക്കുന്നത്.  ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നാണ് അറ്റകുറ്റ പണികൾക്ക് പണം അനുവദിക്കുന്നത്. നിരവധി തവണ ആവശ്യം ഉന്നയിച്ചിട്ടും നടപടി  ഉണ്ടായില്ലെന്നാണ് ആരോപണം

ENGLISH SUMMARY:

Cherthala taluk hospital ambulances are currently non-operational, forcing patients to rely on private services. This situation has led to allegations that the breakdown of government ambulances is a deliberate move to benefit private ambulance operators.