gunman-attack

ആലപ്പുഴ ഗണ്‍മാന്‍ മര്‍ദനക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദേശം. ഫോറന്‍സിക് റിപ്പോര്‍ട്ടും പൊലീസ് ഫൊട്ടോഗ്രഫര്‍ എടുത്ത ദൃശ്യങ്ങളുണ്ടെങ്കില്‍ അതും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.  പൊലീസ് ഫൊട്ടോഗ്രഫര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ടിലുണ്ടെന്ന്  പ്രതിഭാഗമാണ് ചൂണ്ടിക്കാട്ടിയത്. ഹാജരാക്കിയത് ഏത് ദൃശ്യങ്ങളെന്നും പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങള്‍ എവിടെയെന്നും  കോടതി ചോദിച്ചു. അവ ലഭ്യമല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. എന്തുകൊണ്ടെന്നും ചിത്രീകരിച്ചവ നശിപ്പിച്ചതായി കരുതണോ എന്ന് കോടതി ചോദിച്ചു.  പൊലീസ് ഫോട്ടോഗ്രഫര്‍ പകര്‍ത്തിയിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. പൊലീസ് പകര്‍ത്തിയവ  ഉണ്ടെങ്കില്‍ കാണണമെന്ന് കോടതി വ്യക്തമാക്കി. 

 

മര്‍ദനത്തിന്‍റെ ആദ്യദൃശ്യങ്ങള്‍, മനോരമ ന്യൂസ്  നല്‍കിയിരുന്നെന്ന് വാദിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സുരക്ഷാചുമതലയാണ് നിര്‍വഹിച്ചതെന്ന് പ്രതിഭാഗം അവകാശപ്പെട്ടു. പരുക്കുകള്‍ നിസാരമല്ലേയെന്നും സുരക്ഷ ജീവനക്കാര്‍ക്ക് അനുവദിച്ച വസ്തുക്കള്‍ മാത്രമല്ലേ മര്‍ദനത്തിന് ഉപയോഗിച്ചതെന്നും കോടതി ചോദിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തുടര്‍വാദം ശനിയാഴ്ച. 

 

ആലപ്പുഴയിൽ നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥരും കെ.എസ്‌.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിചതച്ച കേസിൽ  പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു രൂക്ഷമായ വാദപ്രതിവാദം നടന്നത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ജാമ്യാപേക്ഷയെ എതിർത്ത് വിശദമായ സത്യവാങ്ങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് വാദിഭാഗം ആവശ്യമുന്നയിച്ചതിനാലാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കേസിലെ അഞ്ച് പ്രതികളും രണ്ടായാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നതെങ്കിലും ഒന്നിച്ച് പരിഗണിക്കണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചു..

 

ഒന്നും രണ്ടും പ്രതികളായ ഗൺമാൻ അനിൽകുമാറും സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപും മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കാൻ അപേക്ഷ നൽകിയിരുന്നു എന്നും പരിഗണിക്കുന്നതിന് മുൻപ് എസ്.ഐ.ടി ഇവർക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തി റിപ്പോർട്ട് നൽകിയതായും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾ ഒളിവിൽ അല്ലെന്നും ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യ അപേക്ഷ തീർപ്പാകുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന നിർദേശം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും ജില്ലാ സെഷൻസ് കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ഹണി എം.വർഗീസ് ആവശ്യം നിരാകരിച്ചു. പ്രതികൾ പൊലീസുദ്യോഗസ്ഥർ ആയതിനാൽ മുൻകൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുന്നത്.

ENGLISH SUMMARY:

The Alappuzha District Sessions Court has directed the prosecution to produce forensic reports and any footage recorded by police photographers in the high-profile gunmen assault case linked to the Nava Kerala Sadas event. The court questioned the absence of police-recorded visuals and sought clarification on whether crucial evidence had been destroyed. The case involves anticipatory bail pleas filed by security personnel accused of assaulting KSU and Youth Congress leaders. Further arguments on the bail petitions are scheduled to continue on Saturday.