അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ (MSC) മലയാളി ജീവനക്കാരുടെ വാട്സാപ്പ് കൂട്ടായ്മയായ 'എം.എസ്.സി സീഫറേഴ്സ് കേരള'യുടെ (MSC Seafarers Kerala) നേതൃത്വത്തിൽ ജില്ലയിലെ അർഹരായ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് നടത്തിയ ഈ ജീവകാരുണ്യ പദ്ധതിയിലൂടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് പഠന സാമഗ്രികൾ അടങ്ങിയ കിറ്റുകൾ ലഭ്യമാക്കിയത്.
കെ.ടി.ഡി.സി (KTDC) ഹോട്ടലിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവാസി മലയാളി കൂട്ടായ്മകളും കപ്പൽ ജീവനക്കാരും മുന്നോട്ടുവരുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡിനേറ്റർ ക്യാപ്റ്റൻ ബിനോയ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജാക്സൺ എബ്രഹാം, ബിൻജു അലോഷ്യസ്, ടോം സി അഗസ്റ്റിൻ, വിമി തങ്കൻ, ഡെറിക് ജോസഫ്, ഐ. നിധിൻ, സുമേഷ് ശിവരാമൻ, സി.കെ. അരുൺ തുടങ്ങിയവർ സംസാരിച്ചു.