ആലപ്പുഴയിൽ സിപിഐ മൽസരിക്കുന്ന ഹരിപ്പാട് യുവസ്ഥാനാർഥിയെ രംഗത്തിറക്കി ശക്തമായ പോരാട്ടം നടത്താൻ സിപിഐ തീരുമാനം. പാർട്ടി ദേശീയ കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ ടി.ടി. ജിസ്മോൻ ഹരിപ്പാട് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. സിപിഐയുടെ ജില്ലയിലെ മറ്റൊരു മണ്ഡലമായ ചേർത്തലയിൽ മന്ത്രി പി.പ്രസാദ് തന്നെ വീണ്ടും മൽസരിക്കും.
ജില്ലയിൽ ഹരിപ്പാടും ചേർത്തലയിലുമാണ് സിപിഐ മൽസരിക്കുന്നത്. കഴിഞ്ഞതവണ ആലപ്പുഴയിൽ എൽഡിഎഫിന് നഷ്ടമായ ഏക സീറ്റാണ് ഹരിപ്പാട്. ഇവിടെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻപ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്കെതിരെ കൂടുതൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ചിന്ത സിപിഐയിലും എൽഡിഎഫിലുമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ രംഗത്തിറക്കാൻ പാർട്ടി ആലോചിക്കുന്നത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും പാർട്ടി ദേശീയ കൗൺസിലിലും സംസ്ഥാന എക്സിക്യൂട്ടീവിലും അംഗമായ ടി.ടി. ജിസ് മോൻ ആയിരിക്കും സ്ഥാനാർഥിയെന്ന് സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് മണ്ഡലം ജാഥ നയിക്കുന്നതും ജിസ്മോൻ ആണ്. ഈഴവ സമുദായത്തിന് സ്വാധീനമുള്ള ഹരിപ്പാട് ജിസ്മോൻ്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്ന് സിപിഐനേതൃത്വം കരുതുന്നു. ചേർത്തലയിൽ മന്ത്രി പി.പ്രസാദ് തന്നെ വീണ്ടുമൊരിക്കൽ കൂടി മൽസരിക്കും. എൽഡിഎഫ് ചേർത്തല മണ്ഡലം ജാഥ നയിക്കുന്നതും മന്ത്രി പ്രസാദ് തന്നെയാണ്.