തീരദേശത്ത് മത്സ്യ ബന്ധന വള്ളങ്ങളിൽ നിന്ന് ഉപകരണങ്ങൾ  പതിവായി മോഷണം പോകുന്നതായി പരാതി . തോട്ടപ്പള്ളി തുറമുഖത്തും പൊഴിയിലുമായി നങ്കൂരമിടുന്ന വള്ളങ്ങളിൽ നിന്നാണ് കൂടുതലായി മോഷണം നടക്കുന്നത്.രാത്രികാല പരിശോധന പൊലീസ് ശക്തമാക്കണമെന്നാണ് ആവശ്യം.

തോട്ടപ്പള്ളി പൊഴിയിൽ നങ്കൂരമിട്ടിരുന്ന തുമ്പോളി കാക്കരിയിൽ സിബിച്ചൻ്റെ ഉടമസ്ഥതയിലുള്ള ധന്യ മോൾ എന്ന വള്ളത്തിൻ്റെ  എഞ്ചിനാണ് ഏറ്റവുമൊടുവിൽ കള്ളൻമാർ കൊണ്ടു പോയത്. ഒന്നേകാൽ ലക്ഷത്തോളം രൂപവില വരുന്ന പുതിയ  എഞ്ചിനാണ് നഷ്ടപ്പെട്ടത്. മത്സ്യ ബന്ധനത്തിന് തയാറായി തൊഴിലാളികൾ വന്നപ്പോഴാണ് എൻജിൻ നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടമ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. 

ഏതാനും ദിവസം മുൻപ് ശിവശക്തി എന്ന വള്ളത്തിൻ്റെയും മറ്റൊരു വള്ളത്തിൻ്റെയും എഞ്ചിനുകൾ  മോഷണം പോയി.ഇതിലൊരെണ്ണം തൊട്ടടുത്ത ദിവസം പൊഴിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു. തോട്ടപ്പള്ളി പൊഴിയുടെ ഇരുകരകളിലുമായ  നിരവധി മത്സ്യബന്ധന വള്ളങ്ങളാണ് നങ്കൂരമിടുന്നത്. വള്ളങ്ങളിലെ വിലപിടിപ്പുള്ള എഞ്ചിൻ കൂടാതെ  ക്യാമറ, വയർലെസ് എന്നീ ഉപകരണങ്ങളും കവരുന്നുണ്ട്. 2 വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് 5 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ  ഇവയുടെ പ്രവർത്തനം നിലച്ചു.പോലീസ് രാത്രി കാല പരിശോധന കാര്യക്ഷമമാക്കിയാൽ മോഷണത്തിന് അറുതിയാകുമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.

ENGLISH SUMMARY:

Fishing boat theft is on the rise in the coastal areas, causing significant losses to fishermen. Increased police patrols are needed to curb these incidents and ensure the safety of fishing equipment.