ആശുപത്രിയിലെ ആംബുലൻസിന് ഇന്ധനം നിറയ്ക്കാൻ വേറിട്ടൊരു സമരം. ആലപ്പുഴ ചെട്ടികാട് ആശുപത്രിയിലെ ആംബുലൻസ് ആണ് ഡീസൽ ഇല്ലാത്തതിനാൽ ഓടാതിരുന്നത്. കോൺഗ്രസ് പ്രവർത്തകരാണ് ആശുപത്രിക്ക് മുന്നിൽ ബക്കറ്റ് പിരിവ് നടത്തി ഇന്ധനം നിറയ്ക്കാനുള്ള തുക ആശുപത്രി അധികൃതർക്ക് കൈമാറിയത്.
ആലപ്പുഴ തീരദേശത്തെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് ചെട്ടികാട് ആശുപത്രി. നൂറുകണക്കിന് നിർധന രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസാണ് ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ ഓടാതിരുന്നത്.
പി.പി. ചിത്തരഞ്ജൻ്റെ എംഎൽഎ ഫണ്ടിൽ നിന്ന് പണം ഉപയോഗിച്ചാണ് ചെട്ടികാട് ആശുപത്രിക്ക് ആംബുലൻസ് അനുവദിച്ചത്. ആംബുലൻസ് സർവീസ് മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ഇന്ധനത്തിന് തുക കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തകർ ബക്കറ്റ് പിരിവ് നടത്തിയത്.
ബക്കറ്റ് പിരിവിലൂടെ ശേഖരിച്ച തുക ആശുപത്രിക്ക് കൈമാറി. ഏതാനും മണിക്കൂർ മാത്രമാണ് സർവീസ് മുടങ്ങിയതെന്നും ഇപ്പോൾ പ്രശ്നമില്ലാതെ ആംബുലൻസ് ഓടുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.