ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ഇന്ന് സ്വപ്ന സാക്ഷാത്കാരം. വേമ്പനാട് കായലിന് നടുവിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആലപ്പുഴയിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം.
നാലുവശവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിനും അറുതിയാകും. 2016-17ലെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി സഹായത്തോടെ100 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമിച്ചത്. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം പണിതീർത്തത്.
ആകെ 1155.40 മീറ്റർ നീളമാണ് പാലത്തിന്, 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, കെ.സി. വേണുഗോപാൽ എം.പി, ദലീമ ജോജോ എം.എൽ.എ എന്നിവർ പങ്കെടുക്കും. മുൻമന്ത്രി ജി.സുധാകരനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.