കുട്ടനാട് സീറ്റ് എൻസിപിയിൽ നിന്ന് ഏറ്റെടുക്കില്ലെന്ന് സി പി എം . ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിൽ നിലവിൽ മൽസരിക്കുന്ന കക്ഷികൾ തന്നെ തുടരുമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടനാട്ടിൽ ജയിക്കുമോ എന്ന ആശങ്ക ചിലർ പങ്കിടുന്നുണ്ട്. ഘടകകക്ഷിക്ക് നൽകുന്ന സീറ്റിൽ ആരെനിർത്തിയാലും അവരെ ജയിപ്പിച്ചിച്ചെടുക്കാൻ സിപിഎം രംഗത്തിറങ്ങുമെന്നും നാസർ പറഞ്ഞു.
കുട്ടനാട് സീറ്റ് എൻസിപിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്നും നേതൃതലത്തിൽ ആലോചനകൾ നടക്കുന്നതായും പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് ഘടകകക്ഷിയുടെ സീറ്റ് ഏറ്റെടുക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്. സീറ്റ് ഏറ്റെടുക്കുന്നത് ഇതുവരെ ആലോചനയിൽ ഇല്ല. സീറ്റ് വേണമെന്ന് എൻസിപിയോട് ആവശ്യപ്പെട്ടിട്ടില്ല. നിലവിൽ മൽസരിക്കുന്ന സീറ്റുകളിൽ അതേ കക്ഷികൾ തന്നെ തുടരും.ഘടകകക്ഷിക്ക് സീറ്റ് വച്ചു മാറണമെങ്കിൽ എൽഡിഎഫിൽ പറഞ്ഞ് തീരുമാനമായ ശേഷം ചെയാമെന്ന് ആർ നാസർ വ്യക്തമാക്കി.
സി പി എമ്മിന് ഏറെ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളാണ് കുട്ടനാടും ചേർത്തലയും അവിടെ ഘടകകക്ഷികളാണ് മൽസരിക്കുന്നത്. മുന്നണി സംവിധാനമാകുമ്പോൾ അങ്ങിനെയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന് പറയുന്നത് ഓരോരുത്തർ ആഗ്രഹം പറയുന്നതാണ്. കുട്ടനാട്ടിൽ ഘടകകക്ഷി മൽസരിച്ചാൽ ജയിക്കുമോ എന്ന ആശങ്ക പങ്കിടുന്നുണ്ട്. ഘടകകക്ഷി ആരെ സ്ഥാനാർഥിയാക്കിയാലും അവരെ ജയിപ്പിക്കാൻ സി പി എം രംഗത്തിറങ്ങും.
രണ്ടു സീറ്റിൽ ആണ് സംസ്ഥാനത്ത് എൻസിപി മൽസരിക്കുന്നത്. NCP സംസ്ഥാന പ്രസിഡൻ്റ കൂടിയാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. കുട്ടനാട് സീറ്റ് സി പി എം ഏറ്റെടുത്ത് യു പ്രതിഭയോ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മന്ത്രി സജി ചെറിയാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ മനു സി പുളിക്കലോ മൽസരിക്കും എന്നായിരുന്നു പ്രചരണം.കുട്ടനാട് സീറ്റിൽ ആര് മൽസരിക്കും എന്ന ആശയക്കുഴപ്പത്തിന് വ്യക്തത വരുത്തുന്നതാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ.