പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നാലാമതും എലത്തൂരില്‍ മല്‍സരിക്കാന്‍ തയാറാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഉറച്ച മണ്ഡലം നഷ്ടപ്പെടാന്‍ പാടില്ലെന്നാണ് എന്‍സിപിയിലെ പൊതുവികാരമെന്നും ശശീന്ദ്രന്‍. അതേസമയം ശശീന്ദന് എല്ലാ അംഗീകാരവും പാര്‍ട്ടി നല്‍കിക്കഴിഞ്ഞെന്നും മല്‍സരരംഗത്ത് നിന്ന് ഇനി മാറുമെന്നാണ് വിശ്വാസമെന്നും ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് വ്യക്തമാക്കി.
പത്തുവര്‍ഷം തുടര്‍ച്ചയായി മന്ത്രിയെന്ന റെക്കോര്‍ഡ്. 27 വര്‍ഷം എം.എല്‍.എ. ഇതില്‍ 15 വര്‍ഷവും എലത്തൂരില്‍. എട്ടുതവണ മല്‍സരിച്ചതില്‍ ആറുതവണയും വിജയം. എങ്കിലും വീണ്ടുമൊരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് 29ന് 80 വയസ് തികയുന്ന ശശീന്ദ്രന്‍ പറയുന്നു.
അതേസമയം ഇനിയെങ്കിലും ശശീന്ദ്രന്‍ മറ്റുള്ളവര്‍ക്കായി മാറിക്കൊടുക്കണമെന്നാണ് എതിര്‍പക്ഷത്തിന്റ വാദം. മുക്കം മുഹമ്മദിന് മല്‍സരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവരുടെ വാദം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ച മൂന്നുമണ്ഡലങ്ങളില്‍ ഒന്ന് എലത്തൂരാണ്. ജില്ലാ പഞ്ചായത്തിലെ വോട്ടിന്റ കണക്ക് വച്ചുനോക്കിയാല്‍ 13914 ഉം ഗ്രാമപഞ്ചായത്തിലെ വോട്ടിന്റ അടിസ്ഥാനത്തില്‍ 6217 ആണ് എല്‍ഡിഎഫ് ഭൂരിപക്ഷം. തമ്മിലടി തുടര്‍ന്നാല്‍ സിപിഎം സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യത ഏറെയാണ്. അത് മുന്നില്‍കണ്ട് പരമാവധി സമവായത്തിലെത്താനായിരിക്കും എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റ ശ്രമം.