train-child

AI Generated Image

പിഞ്ചു കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം. മംഗളുരു–പാലക്കാട് സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 10.10നു കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് ആറുമാസം പ്രായമായ കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തിയിട്ട് അമ്മ ഇറങ്ങിപ്പോയത്.

മുങ്ങല്‍ വസ്ത്രം മാറിവരാമെന്ന് അറിയിച്ച്

ട്രെയിന്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് മുപ്പതു വയസ് തോന്നിക്കുന്ന യുവതി ആറുമാസം പ്രായമായ കൈകുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം സഹയാത്രികരോട് വസ്ത്രം മാറി വരാമെന്നറിയിച്ച് ഇറങ്ങിപോയത്. ട്രെയിന്‍ പുറപ്പെട്ടപ്പോഴും യുവതി തിരികെയെത്തിയല്ല. ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന അബ്ദുള്‍ അസീസെന്ന യാത്രക്കാരന്‍ കുഞ്ഞിനെയെടുത്ത് സ്റ്റേഷന്‍ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിച്ചു. കുഞ്ഞിനെയും കൈമാറി. സ്റ്റേഷന്‍ അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു. കോഴിക്കോട് സ്റ്റേഷനില്‍ നടത്തിയ തിരച്ചിലില്‍ യുവതിയെ പ്ലാറ്റ്ഫോമില്‍ നിന്ന് പിന്നീട് കണ്ടെത്തി ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഫറോക്കിലെത്തി കുട്ടിയെ ഏറ്റെടുത്തു സുരക്ഷിതമാക്കി.

യുവതിക്കു മാനസിക പ്രശ്നങ്ങളെന്നു സൂചന

ഒരുമാസത്തിലേറയായി റയില്‍വേ സ്റ്റേഷന്‍ പരിസത്ത് അലഞ്ഞു തിരിയുന്ന മുക്കം സ്വദേശിയാണ് അമ്മ. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നുവെന്നാണ് ഇവര്‍ ആര്‍.പി.എഫിനെയും റയില്‍വേ പൊലീസിനെയും അറിയിച്ചിരിക്കുന്നത്. ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യം കാണിക്കുന്നതായി ആര്‍.പി.എഫ് പറയുന്നു. വീട്ടുകാരുമായി ബന്ധമില്ലാതെയാണ് ഏറെ കാലമായി കഴിയുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കുഞ്ഞ് റസ്ക്യൂ ഹോമില്‍

ചൈല്‍ഡ് ലൈന്‍ അറിയിച്ചതനുസരിച്ച് കുഞ്ഞിനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തു. അമ്മയുടെ വശം കുട്ടി സുരക്ഷിതമല്ലെന്നു പ്രാഥമികമായി ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും കുട്ടിയെ പിന്നീട് കോണ്‍വെന്റ് റോഡിലെ സെന്റ് ജോസഫ് റെസ്ക്യു ഹോമിലേക്ക് മാറ്റിയതായും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ശൈനി മനോരമ ന്യൂസ്.കോമിനോടു പറഞ്ഞു. ഇതുവരെ അമ്മയും കുഞ്ഞുമായി ബന്ധപെട്ട ആരും റയില്‍വേ പൊലീസുമായോ, ചൈല്‍ഡ്  വെല്‍ഫയര്‍ കമ്മിറ്റിയുമായോ ബന്ധപെട്ടിട്ടില്ല. കുട്ടിയെ അമ്മയ്ക്ക് തന്നെ തിരികെ നല്‍കണമോ അതോ സംരക്ഷണ കേന്ദ്രത്തില്‍ തുടരണമോയെന്നതു സംബന്ധിച്ചു പിന്നീട് തീരുമാനിക്കുമെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിജി എ. റഹീം മനോരമ ന്യൂസ്.കോമിനോടു പറഞ്ഞു.

ENGLISH SUMMARY:

A six-month-old baby was abandoned on a train by its mother at Kozhikode Railway Station, an incident that has prompted an investigation. The mother, who appeared to be experiencing mental distress, has been taken into custody.