കോട്ടയം നഗരസഭയിലെ 48ാം വാര്‍ഡായ തിരുനക്കരയില്‍ എല്‍ഡിഎഫ് സ്ഥാനര്‍ഥി ലതിക സുഭാഷിന് തോല്‍വി. യുഡിഎഫ് സ്ഥാനാര്‍ഥി സുശീല ഗോപകുമാറാണ് ലതികയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. എൻ.സി.പിയ്ക്ക് വിട്ടുനൽകിയ വാർഡിലാണ് ലതികാ സുഭാഷ് മത്സരിച്ചത്. നഗരസഭയിൽ എൻസിപിക്ക് നൽകിയ ഏക സീറ്റ് ആണിത്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.
വനിതാ സംവരണം ആയതോടെയാണ് ലതികാ സുഭാഷിന് നറുക്ക് വീണത്. യു.ഡി.എഫിന്‍റെ കുത്തക വാർഡാണ് തിരുനക്കര. നിത്യ രതീഷ് ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി.
സംസ്ഥാന വനം വികസന കോർപറേഷൻ അധ്യക്ഷയാണ് ലതിക. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക 2021 ൽ ഏറ്റുമാനൂർ നിയമസഭ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇന്ദിരാ ഭവന് മുന്നിൽ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ശേഷമാണ് പാർട്ടി വിട്ടത്. മുൻപ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആയിട്ടുണ്ടെങ്കിലും നഗരസഭ ഡിവിഷനിൽ ആദ്യമായിട്ടാണ് സ്ഥാനാർഥിയാകുന്നത്.