ആലപ്പുഴയില്‍ മാല കവരാനെത്തിയ കള്ളനെ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ നേരിട്ട മഹിളാമണി നാട്ടിലെ ഹീറോയാണ്. അമ്പലപ്പുഴ കോമന ശിവ നന്ദനത്തിൽ 76 കാരിയായ മഹിളാമണിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ കള്ളനും പിടിയിലായി.
നാട്ടിലെ ഹീറോ ആണിപ്പോൾ മഹിളാമണിയെന 76 കാരി.
ക്ഷേത്രദർശനത്തിനുശേഷം അയൽവാസികളായ സ്ത്രീകൾക്കൊപ്പം അമ്പലപ്പുഴ പ്ലാക്കുടി ലെയ്ൻ റോഡിലൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു മഹിളാമണി. കൂടെയുണ്ടായിരുന്ന സ്ത്രീകൾ പോയ ശേഷം മഹിളാമണി ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു. റോഡിൽ പതുങ്ങി നിൽക്കുകയായിരുന്ന കള്ളൻ ഇവരെ സമീപത്തെ മതിലിൽ ചാരിനിർത്തി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചു. ഇതിനിടെ കള്ളൻ തന്‍റെ കഴുത്തിൽ വെച്ച കത്തി മഹിളാമണി കൈക്കലാക്കി.ഇതോടെ കള്ളൻ ഓടി രക്ഷപെട്ടു.
പിന്നീട് നടത്തിയ തിരച്ചിലിൽ മാലയും താലിയും കണ്ടെത്തി. മഹിളാമണി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെയിൽവെ സ്റ്റേഷൻ ഭാഗത്ത് ഒളിച്ചിരുന്ന കള്ളനെ പിടികൂടിയത്. കാക്കാഴം സ്വദേശി പദ്‌മകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. എച്ച് സലാം എം എൽ എ അടക്കമുള്ളവർ വീട്ടിലെത്തി മഹിളാമണിയെ അഭിനന്ദിച്ചു.