aroor-elevatedbridge

ആലപ്പുഴ അരൂർ ഉയരപ്പാത നിർമാണ മേഖലയിലെ ഗർഡർ അപകടത്തില്‍ യുവാവ് മരിച്ചതിന് പിന്നാലെ സുപ്രധാന ഓഡിറ്റിന് നിര്‍ദേശം നല്‍കി ദേശീയപാത അതോറിറ്റി. അടിയന്തര സുരക്ഷ ഓഡിറ്റിന് സർക്കാർ കമ്പനിയായ റൈറ്റ്‌സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കരാര്‍ കമ്പനിക്ക് കുരുക്ക് വീഴും.

ഉയരപ്പാതയുടെ നിര്‍മാണം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് രാജേഷിന്റെ മരണത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം വിലയിരുത്തിയിരുന്നു. ഇതോടെയാണ് സുപ്രധാന ഓഡിറ്റിന് ദേശീയ പാത അതോറിറ്റി തയാറായത്. തൊഴിലാളികളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയാണോ നിർമാണം എന്നാണ് പ്രധാനമായും പരിശോധിക്കുക. നിര്‍മാണത്തിന്റെ തുടക്കം മുതല്‍ തന്നെ അശാസ്ത്രീയ നിര്‍മാണം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. 

ഹൈക്കോടതി ഇടപെടലുകളുള്‍പ്പെടെ ഉണ്ടായിട്ടും കാര്യമായ നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോ കരാര്‍ കമ്പനിയോ തയാറായിരുന്നില്ല. ഓഡിറ്റിങ്ങില്‍ ചട്ടലംഘനം കണ്ടെത്തിയാല്‍ കരാര്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. മൂന്നുവര്‍ഷമായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി. എന്നാല്‍ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്. ഉയരപ്പാത നിർമാണ മേഖലയിലെ മറ്റു സ്ഥലങ്ങളിലേക്കും ഓഡിറ്റ് വ്യാപിപ്പിക്കുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. അതേസമയം അരൂര്‍ അപകടത്തില്‍ മരിച്ച രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി സഹായധനം കൈമാറി . 25 ലക്ഷം രൂപ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ രാജേഷിന്റെ ഭാര്യ ഏറ്റുവാങ്ങി.

ENGLISH SUMMARY:

Alappuzha Aroor flyover accident safety audit is initiated by the National Highway Authority following a fatal accident. The audit, conducted by Rights Limited, will assess compliance with safety regulations and could lead to contract termination if violations are found.