തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിലെ സിപിഎം സ്ഥാനാർത്ഥി നിർണയം പാർട്ടിക്ക് തലവേദനയാകുന്നു. ചില നേതാക്കളെ സ്ഥാനാർത്ഥിയാക്കിയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടു നിൽക്കുമെന്നും റിബലായി മൽസരിക്കുമെന്നും പാർട്ടി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. പ്രശ്നപരിഹാരത്തിന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല.

ഘടകകക്ഷികളുമായി ചർച്ചകൾ പ്രശ്നമില്ലാതെ പുരോഗമിക്കുന്നതിനിടയിലാണ് ആലപ്പുഴ നഗരസഭയിലെ സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന്  തലവേദനയാകുന്നത്. ആലപ്പുഴ നഗരത്തിൻ്റെ വടക്കൻ മേഖലയിലെ ചില വാർഡുകളിലെ സ്ഥാനാർത്ഥി നിർണയമാണ് പരിഹരിക്കാൻ പറ്റാതെ നീളുന്നത്.  സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടയാളെ പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കാനുള്ള നീക്കമാണ് വിവാദമായത്. ഇദ്ദേഹത്തിന് നൽകാനുദ്ദേശിക്കുന്ന വാർഡിൽ മറ്റു ചില നേതാക്കളും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 

നഗരത്തിൻ്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ വാർഡിൽ മുൻ ലോക്കൽ കമ്മിറ്റി അംഗം റിബലായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി അംഗത്വം പുതുക്കാതെ നേതൃത്വവുമായി ഭിന്നതയിലായ ഒരു വിഭാഗം പ്രവർത്തകരുടെ പിന്തുണയും റിബൽ സ്ഥാനാർത്ഥിക്കുണ്ട്. അതേസമയം സിപിഎമ്മും എൽഡിഎഫ് ഘടക കക്ഷികളും തമ്മിലുള്ള ചർച്ചയും തുടരുകയാണ്. നിലവിലുള്ള വാർഡുകളിൽ അവരവർ മൽസരിക്കുക എന്നതാണ് ധാരണ. 

അധികമായുണ്ടായ വാർഡ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിപിഎം സമ്മതിച്ചിട്ടില്ല. എൻസിപി മൽസരിക്കുന്ന മുല്ലയ്ക്കൻ വാർഡ് സിപിഎം ഏറ്റെടുത്ത് മറ്റൊരു വാർഡ് നൽകാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ടെങ്കിലും ധാരണയായിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ അടുത്ത ദിവസം സിപിഎം ജില്ല കമ്മിറ്റി യോഗവും ചേരും. 

ENGLISH SUMMARY:

Alappuzha Municipality Election is causing headaches for the CPM due to candidate selection disputes. Internal conflicts and potential rebel candidates are creating challenges for the party in the upcoming local elections.