ആലപ്പുഴ വണ്ടാനത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ട് ദുരിതത്തിൽ പ്രദേശത്തെ കുടുംബങ്ങൾ. ചെറിയ മഴ പെയ്താൽ പോലും തോടിന് തുല്യമായ അവസ്ഥയാണിവിടെ. പുറത്തിറങ്ങാൻ ചങ്ങാടം ഉപയോഗിക്കേണ്ട സ്ഥിതിയാണിവർക്ക്.
ചെറിയ മഴയായാൽപ്പോലും മലിന ജലത്തിൽ മുട്ടറ്റം നീന്താനാണ് ഇവരുടെ ദുർവിധി. ഒൻപത് വർഷമായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ ആരും ഇവിടേക്ക് എത്തിയിട്ടുമില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം ഇഎംഎസ് ഷിഹാബ് നഗർ റോഡിന് സമീപമുള്ള 15 ഓളം കുടുംബങ്ങളാണ് എല്ലാ മഴക്കാലത്തും വെള്ളക്കെട്ട് ദുരിതത്തിൽക്കഴിയുന്നത്. 9 വർഷം മുൻപ് റോഡ് നിർമിക്കാനായി ഇവിടെ നേരത്തെയുണ്ടായിരുന്ന പൈപ്പ് മാറ്റിയതോടെ പ്രദേശവാസികളുടെ ദുരിതം തുടങ്ങി. ഒരു ദിവസത്തെ മഴയിൽ പ്രദേശത്തെ വീടുകളിലെല്ലാം വെളളം കയറി. ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ പല കുടുംബങ്ങളും ചങ്ങാടം നിർമിച്ചിരിക്കുകയാണ്.
മലിനജലത്തിലൂടെ നടന്ന് പലർക്കും അസുഖങ്ങളും പിടിപെട്ടു. പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി പതിറ്റാണ്ടുകൾക്കു മുൻപ് സ്‌ഥാപിച്ച പൈപ്പ് പുതിയത് സ്‌ഥാപിക്കാമെന്ന ഉറപ്പിലാണ് മാറ്റിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് ഇതുവരെ പുനഃസ്‌ഥാപിച്ചിട്ടില്ല. ഓട നിർമിക്കാനും പൈപ്പിടാനും പലതവണ പഞ്ചായത്ത് എസ്‌റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവ യാഥാർത്ഥ്യമായില്ല. കഴിഞ്ഞ വർഷം രണ്ട് മാസത്തോളമാണ് ഇവർ വെള്ളക്കെട്ടിന്‍റെ ദുരിതമനുഭവിച്ചത്. മഴ ശക്തമാകുമ്പോൾ വെള്ളക്കെട്ടും രൂക്ഷമാകുന്നതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഒഴുകിപ്പോകാൻ മാർഗമില്ലാതെ മലിന ജലമെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇതോടെ കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ പോലും കഴിയുന്നില്ല. പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ ശേഷിക്കേ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.