ദേശീയ പാത നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ കായംകുളത്തിന്‍റെ തീര മേഖലകളിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ. കായംകുളം നഗരസഭയിലെ എഴോളം വാർഡുകളിലും കണ്ടല്ലൂർ പഞ്ചായത്തിലുമാണ് കുടിവെള്ളം കിട്ടാതായത്.
പൊട്ടിയ പൈപ്പുകൾ യഥാസമയം മാറ്റിയിടാന്‍ കരാറുകാരൻ കാലതാമസം വരുത്തിയതാണ് ജലം മുടങ്ങാൻ കാരണം.ഒരാഴ്ചയിലധികമായി ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് .ദേശീയപാതയുടെ നിർമാണം തുടങ്ങിയതു മുതൽ പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. നഗരസഭ അധികൃതരോടും ജല അതോറിറ്റി ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നാണ് ആരോപണം. കുടിവെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണിപ്പോൾ.
പൊട്ടിയ പൈപ്പുകൾ മാറിയിടുന്നതിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥ ജലവിതരണം തടസപ്പെടുന്നതിന് കാരണമാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിട്ടും പ്രശ്നം പരിഹരിക്കുന്നതി മെല്ലെപ്പോക്ക് നയമാണ് കരാറുകാരും ജല അതോറിറ്റിയും സ്വീകരിക്കുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.