കായംകുളം നഗരസഭയിൽ സേവന പ്രവർത്തനങ്ങൾ സ്തംഭിച്ചു.സെക്രട്ടറിയും പ്രധാന ഉദ്യോഗസ്ഥരും അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം. .ഇതോടെ നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ സേവനം ലഭിക്കാതെ വലയുകയാണ്
ഭരണകക്ഷിയുമായി പോര് രൂക്ഷമായതിനെ തുടർന്നാണ് കായംകുളം നഗരസഭ സെക്രട്ടറി രണ്ട് ആഴ്ചത്തെ അവധിയിൽ പ്രവേശിച്ചത്. പകരം ചുമതല നൽകിയ അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എൻജിനീയറും ചുമതല ഏറ്റെടുക്കാതെ അവധിയിൽ പോയി. നഗരസഭയിലെ ജനറൽ സൂപ്രണ്ടും റവന്യു സൂപ്രണ്ടും അവധിയിലാണ്. ഇതോടെ പ്രധാന തീരുമാനങ്ങൾ എടുക്കാനാവാതെ പ്രതിസന്ധി രൂക്ഷമായി. വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ എത്തുന്ന നൂറു കണക്കിനാളുകൾ വലയുകയാണ്. നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെ യുഡിഎഫ് കൗൺസിലർമാർ ധർണ നടത്തി.
നഗരസഭയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പ്ലാസ്റ്റിക് ഫാക്ടറി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ കാരണം പൂട്ടണമെന്ന് കൗൺസിൽ തീരുമാനിച്ചിരുന്നു .എന്നാൽ കോടതിയിൽ കേസുള്ളതിനാൽ സെക്രട്ടറി അനുകൂല തീരുമാനം എടുത്തില്ല. ഇതോടെയാണ് ഭരണകക്ഷിയും സെക്രട്ടറിയും തമ്മിൽ പോര് മുറുകിയത്. ഐടിഐക്ക് സ്ഥലം ഏറ്റെടുക്കുന്നതും ഒന്നാം വാർഡിലെ പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമനടപടികളിലേക്ക് പോകുമെന്നുള്ളതുകൊണ്ടാണ് സെക്രട്ടറിയും, പകരം ചുമതല എടുക്കേണ്ടവരും അവധി എടുത്തത്. നേരത്തെ നടന്ന കൗൺസിലിൻ്റെ മിനിട്സ് നൽകാത്തതിനെതിരെ യുഡിഎഫ് പരാതിയും നൽകിയിട്ടുണ്ട്