ഹരിതകർമ്മ സേനാംഗങ്ങൾക്ക് കളത്തു കിട്ടിയ സ്വർണമോതിരം കായംകുളം നഗരസഭയിൽ ഏൽപ്പിച്ചെങ്കിലും പിന്നീട് കാണാതായതിൽ വിവാദം. കൈമാറിയ സ്വർണം തിരികെ ആവശ്യപ്പെട്ടതോടെയാണ് നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരും മുൻഭരണസമിതിയും പ്രതിക്കൂട്ടിലായത്. നഗരസഭ സെക്രട്ടറിയെയും സൂപ്രണ്ടിനെയും മുൻ ചെയർപേഴ്‌സണെയും സംരക്ഷിക്കാൻ നീക്കങ്ങൾ നടക്കുന്നതായാണ് ആരോപണം.
ഒരു വർഷം മുൻപാണ് നഗരസഭാ 11-ാം വാർഡിൽ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഒരു പവൻ തൂക്കം വരുന്ന സ്വർണ മോതിരം ലഭിച്ചത്. ഇത് നഗരസഭാ അധികൃതരെ ഏൽപ്പിച്ചു. യഥാർത്ഥ ഉടമയെ കണ്ടെത്തി സ്വർണം തിരികെ നൽകണമെന്നായിരുന്നു ഹരിത കർമ്മ അംഗങ്ങൾ നിർദ്ദേശം വെച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമാകാത്തതിനെ തുടർന്ന് ഹരിതകർമ്മ സേനാംഗങ്ങൾ നഗരസഭയിൽ വിവരം തേടിയെത്തി അന്വേഷണത്തിൽ സ്വർണം കാണാനില്ലെന്ന് വ്യക്തമായി.
മോതിരം കാണാതായ കാര്യംചർച്ചയായതോടെ ചെയർപേഴ്‌സണെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാൻ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായാണ് സൂചന. ഉദ്യോഗസ്ഥരുടെ വീഴ്ച മറച്ചു വയ്ക്കാനാണ് ശ്രമമെന്ന് ആരോപണമുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പക പ്പള്ളി മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. നഗരസഭയിൽ ഏൽപ്പിച്ച സ്വർണം കാണാതായതിൽ വിമർശനവും പരിഹാസവും സിപിഎം സൈബർ ഗ്രൂപ്പുകളിലും ശക്തമാണ്.