അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നത് നീക്കം ചെയ്യാത്തതിനാല്‍ മൽസ്യബന്ധന മേഖലയിൽ വൻ പ്രതിസന്ധി. കണ്ടെയ്നറിൽ ഉടക്കി ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഇതുവരെ നാൽപതിലധികം വള്ളങ്ങളുടെ വലകൾ നശിച്ചു. നഷ്ടം സംഭവിച്ചവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവശ്യം.
അപകടത്തിൽപ്പെട്ട എം എസ് സി എൽസ കപ്പലിൽ നിന്ന് കടലിൽ മുങ്ങിയ കണ്ടെയ്നറുകൾ ഒഴുകി നടക്കാൻ തുടങ്ങിയിട്ട് ഒരുമാസത്തിലധികമായി ജൂലൈ മൂന്നിന് മുൻപ് കണ്ടെയ്നറുകൾ നീക്കം ചെയ്യണമെന്നാണ് ഷിപ്പിങ്ങ് മന്ത്രാലയത്തിൻ്റ നിർദേശം. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വലകൾ കണ്ടെയ്നറിൽ ഉടക്കി ആലപ്പുഴയ്ക്ക് പടിഞ്ഞാറ് കടലിൽ പോയ 40 ലധികം വള്ളങ്ങളുടെ വലകൾ ഇതുവരെ നശിച്ചു. ഈ വലകളിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലവരുന്ന മൽസ്യവും നഷ്ടമായി.കഴിഞ്ഞ ദിവസം മട്ടാഞ്ചേരി, വൈപ്പിൻ ഗോശ്രീപുരം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയ 9 വളളങ്ങളുടെ വലകൾ കണ്ടെയ്നറിൽ ഉടക്കിനശിച്ചു. കഴിഞ്ഞയാഴ്ച ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നു പോയ ഏഴു വള്ളങ്ങളുടെ വല നഷ്ടമായിരുന്നു. ആറാട്ടുപുഴ, വലിയഴീക്കൽ എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയ ആറ് വള്ളങ്ങളിലെ വലകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെയ്നറിൽ കുരുങ്ങി നശിച്ചു.
ട്രോളിങ്ങ് നിരോധനം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് മീൻ കൂടുതൽ കിട്ടുന്ന സമയമാണിത്.വലകൾ നശിച്ച വള്ളങ്ങൾക്ക് ഇനി ദിവസങ്ങളോളം കടലിൽ പോകാനാവില്ല. ഇത് നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കും.ആലപ്പുഴ, കൊച്ചി കടൽമേഖല ഉപേക്ഷിച്ച മറ്റു സ്ഥലങ്ങളിലേക്ക് വള്ളങ്ങളുമായി മാറേണ്ട സാഹചര്യമാണ്.പരാതിപ്പെട്ടാൽ കേസെടുക്കാൻ പോലും തീരദേശ പൊലീസ് തയാറാകുന്നില്ലെന്നാണ് ആരോപണം.വലകൾ നഷ്ടമായ വള്ളങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മൽസ്യത്തൊഴിലാളി കളുടെ ആവശ്യം