ഒരു വർഷത്തിലേറെയായി കടലിൽ മുങ്ങിക്കിടക്കുന്ന ബാർജ് മാറ്റാത്തതിനാൽ തിരുവനന്തപുരം തുമ്പയിലെ മത്സ്യതൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം. 2024 നവംബർ അഞ്ചാം തീയതിയാണ് മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്തേക്ക് കൊണ്ടു പോയ ബാർജ്ജ് തുമ്പയിൽ വച്ച് മുങ്ങിത്താണത്.
ബാർജ് മാറ്റാൻ കരാറെടുത്ത കമ്പനി ദിവസങ്ങളോളം പണിപ്പെട്ടിട്ടും ബാർജ് ഉയർത്തി വിഴിഞ്ഞത്തേയ്ക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല.
തുടർന്ന് തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ കലക്ടറുടെ സാന്നിധ്യത്തിൽ എത്രയും പെട്ടെന്ന് തന്നെ ബാർജ് ഇവിടെ നിന്നും നീക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. മത്സ്യ തൊഴിലാളികൾക്ക് ഇതുമൂലം ഉണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണാമെന്ന് അന്ന് അദാനി കമ്പനിയും സമ്മതിച്ചിരുന്നു. നാളിതുവരെ ആയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.
ബാർജ് ഉയർത്തി മാറ്റാൻ കഴിയാത്തതിനാൽ കരാർ എടുത്ത കമ്പനിയും കയ്യൊഴിഞ്ഞു. ശക്തമായ അടിയൊഴുക്കിൽ വലകൾ ബാർജിൽ കുരുങ്ങുന്നത് പതിവാണ്. പലപ്പോഴും വലകൾ മുറിച്ചുമാറ്റേണ്ടി വരുന്നു. ഇത് ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാക്കുന്നത്.
ഫിഷറീസ് വകുപ്പിനും കോസ്റ്റൽ പോലീസിനും കലക്ടർക്കും മത്സ്യതൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം ബാർജ് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മറ്റ് സമര പരിപാടിയിലേക്ക് നീങ്ങാനാണ് മത്സ്യത്തൊഴിലാളികൾ ആലോചിക്കുന്നത്.