vizhinjam-budget

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും വലിയ വികസന നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് വിഴിഞ്ഞം തുറമുഖം. എന്നാല്‍ തുറമുഖവുമായി ബന്ധപ്പെട്ട് കഴിഞ്ഞകാല ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസില്‍ തന്നെ തുടരുകയാണ്. വിഴിഞ്ഞം–നാവായിക്കുളം റിങ് റോഡ്, വിഴിഞ്ഞം–ബാലരാമപുരം റെയില്‍ കണക്ടിവിറ്റി തുടങ്ങിയ വന്‍കിട പദ്ധതികള്‍ ഒരിഞ്ച് മുന്നോട്ട് പോയില്ല. 

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍,  നഗരത്തിലെ ട്രാഫിക്കിനെ ശ്വാസം മുട്ടിക്കാതെ, സുഗമമായി ചരക്ക് നീക്കം നടത്താന്‍ ഒരു പാത. ആ നിലക്കാണ്, ' GROWTH CORRIDOR' അഥവ വളര്‍ച്ചയുടെ ഇടനാഴി എന്ന പേരില്‍ പുതിയൊരു പാതക്ക് ആലോചന തുടങ്ങിയത്.  ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതുവരെ അവതരിപ്പിച്ച  ബജറ്റുകളിലെല്ലാം പദ്ധതി ഇടം പിടിച്ചിട്ടുണ്ട്.  2022 ല്‍ കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ സമ്പൂര്‍ണ ബജറ്റിലാണ്  ഭൂമിയേറ്റെടുക്കല്‍ ചെലവിന്‍റെ അമ്പത് ശതമാനം സംസ്ഥാനം വഹിച്ച് കൊണ്ട്  പദ്ധതി  നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി ആയിരം കോടി രൂപ കിഫ്ബി വഴി വകയിരുത്തി. ഭൂമിയേറ്റെടുത്തിനപ്പുറം ഒരടി പദ്ധതി മുന്നോട്ട് പോയില്ല.  ഭൂമി വിട്ട് നല്‍കിയവര്‍ ഒരു രൂപ നഷ്ടപരിഹാരം ലഭിക്കാതെ പെരുവഴിയിലുമാണ്. 

ഔട്ട് റിങ് റോഡുമായി ബന്ധിപ്പിച്ചുള്ള പല പുതിയ പദ്ധതികളും പിന്നീട് പ്രഖ്യാപിക്കപ്പെട്ടു. ഔട്ടര്‍ റിങ് റോഡിനെ ഔട്ടര്‍  ഏരിയ ഗ്രോത്ത് കോറിഡോറായി വികസിപ്പിക്കുമെന്നതാണ് അവയിലൊന്ന്. പാത കടന്ന് പോകുന്ന എട്ട് പ്രധാന ഇടങ്ങളില്‍ സ്പെഷ്യല്‍ ഡെവലപ്മെന്‍റ് സോണുകള്‍ വികസിപ്പിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ ബജറ്റില്‍ ഇതുസംബന്ധിച്ച വിശദമായ പ്രഖ്യാപനം മന്ത്രി നടത്തി. ഔട്ടര്‍ റിങ് റോഡിന്‍റെ രണ്ടര കിലോമീറ്റര്‍ സ്വാധീന മേഖലകളെ ആധുനിക സൗകര്യങ്ങളോടെയുള്ള സ്വയംപര്യാപ്ത ടൗണ്‍ ഷിപ്പുകളാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ഔട്ടര്‍ റിങ് റോഡും അതിനോട് ചേര്‍ന്നുള്ള മറ്റ് ദേശീയ പാതകളെ റെയില്‍വേ ലൈനുകളുമായി ബന്ധിപ്പിച്ച് വിഴിഞ്ഞം –കൊല്ലം–പുനലൂര്‍ ഗ്രോത്ത് ട്രയാംഗിള്‍ എന്ന പുതിയ പദ്ധതിയും കഴിഞ്ഞ ബജറ്റില്‍ മന്ത്രി വാഗ്ദാനം ചെയ്തു. ഇവയുടെയൊന്നും തുടര്‍ നടപടികളെക്കുറിച്ച് പിന്നീട് വിവരമുണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തോടൊപ്പം കേട്ട് തുടങ്ങിയതാണ് വിഴിഞ്ഞം–ബാലരാമപുരം റെയില്‍ കണക്ടിവിറ്റി. പല ബജറ്റുകളില്‍ പലതവണ പരാമര്‍ശിക്കപ്പെട്ട പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 339.28 കോടി രൂപ വകയിരുത്തി. പക്ഷെ ഒരു രൂപ ചെലവഴിച്ചില്ല. ചുരുക്കത്തില്‍ വിഴിഞ്ഞം  തുറമുഖം കമ്മീഷനിങ് നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും, അത് വലിയ വികസന നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും തുറമുഖത്തിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യമായ റോഡ്, റെയില്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പദ്ധതികളെല്ലാം ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയിരിക്കുകയാണ്.  

ENGLISH SUMMARY:

Vizhinjam Port infrastructure development is lagging behind budget announcements. Despite government claims of significant progress, crucial road and rail connectivity projects remain unrealized, hindering the port's full potential.