അസൗകര്യങ്ങളുടെ നടുക്കടലിലാണ് കോഴിക്കോട് ചാലിയം ഫിഷ് ലാന്‍ഡിങ് സെന്‍റര്‍. വൃത്തിഹീനമായ ചുറ്റുപാടില്‍ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭൂമി കൈമാറ്റം നീളുന്നതാണ് നവീകരണം വൈകാന്‍ കാരണം.
മലബാറിലെ പ്രധാന പരമ്പാരഗത മത്സ്യവിപണന കേന്ദ്രമാണിത്. എന്നാല്‍, മഴയും വെയിലുമേറ്റുവേണം മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ പണിയെടുക്കാന്‍. തോണികള്‍ അടുപ്പിക്കാന്‍ പോലും കഴിയാത്ത ഇവിടെ മത്സ്യം സൂക്ഷിക്കാനും സംസ്കരിക്കാനും മാര്‍ഗമില്ല.
മത്സ്യത്തൊഴിലാളികള്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് തറയിലാണ് മീന്‍ വിറ്റഴിക്കുന്നത്. ഐസ് സൂക്ഷിക്കാനും സൗകര്യമില്ല. ഓടയില്ലാത്തതിനാല്‍ മിക്കയിടത്തും മലിനജലം കെട്ടികിടക്കുകയാണ്. ഈ വെള്ളത്തിലിറങ്ങിയാണ് ഇവര്‍ക്ക് ജോലി ചെയ്യേണ്ടത്. അതിനാല്‍ ത്വക്ക് രോഗങ്ങള്‍ ഇല്ലാത്തവര്‍ കുറവാണ്.
നൂറോളം ഫൈബര്‍ ബോട്ടുകളും മുന്നൂറോളം ചെറുകിടവള്ളങ്ങളും ലാന്‍ഡിങ് സെന്‍ററില്‍ എത്തുന്നുണ്ട്. വനംവകുപ്പിന്‍റെ റിസര്‍വ് ഭൂമിയിലാണ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കുന്ന വനംഭൂമിക്കുപകരം ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലയാണ് നവീകരണം വൈകുന്നതിന്‍റെ കാരണം.