ദേശീയപാത നിർമാണ പ്രവൃത്തികളിലെ സുരക്ഷാ വീഴ്ചകൾക്ക് നൽകേണ്ടിവരുന്നത് മനുഷ്യ ജീവനുകൾ. നിർമാണം നടക്കുന്ന പല ഭാഗത്തും അപകട മുന്നറിയിപ്പോ ബാരിക്കേഡോ ഇല്ല. ആലപ്പുഴ ജില്ലയിൽ നിർമാണം നടക്കുന്ന ഒരിടത്തും രാത്രികാലങ്ങളിൽ വെളിച്ചവുമില്ല.ദേശീയ പാത നിർമാണത്തിലെ സുരക്ഷാ വീഴ്ചയാണ് മരണക്കുഴികൾ സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച രാത്രി കായംകുളം കെ.പി.എ.സി ജങ്ഷന് സമീപം ഓടയ്ക്കായി എടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ ആരോമൽ മരിച്ചതാണ് അവസാന സംഭവം.
അപകട മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡോ വെളിച്ചമാ ഉണ്ടായിരുന്നില്ല. സർവീസ് റോഡ് വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കാനെത്തുന്ന വാഹനങ്ങൾ നേരെ കുഴിയിലേക്ക് വീഴും. അപകടങ്ങൾ ഏറെയുണ്ടായിട്ടും ദേശീയ പാത അതോറിറ്റിക്കോ നിർമാണ കമ്പനിക്കോ അധികൃതർക്കോ ഒരു കുലുക്കവുമില്ല. അപകട മരണം നടന്ന ശേഷമാണ് അവിടെ ബാരിക്കേഡ് കൊണ്ടു വച്ചത്. മൺകൂനകളും കുഴികളും അപകട സാധ്യത സൃഷ്ടിച്ചിട്ടും കുഴികളിൽ വീണ് നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടും ഒരു നടപടിയുമില്ല
എല്ലാവർഷവും മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്ത പരിശോധന നടത്തി സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് നൽകാറുണ്ട്. അപകട സാധ്യത കൂടുതൽ ഉള്ള പ്രദേശങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ റിപ്പോർട്ടിൽ സൂചിപ്പിക്കും. റിപ്പോർട്ട് കാണുന്നവർ അത് മടക്കി ഫയലിൽ വയ്ക്കും. നടപടികളൊന്നും ഉണ്ടാകാറില്ല. നങ്ങ്യാർകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള 15 കിലോമീറ്ററിനുള്ളിൽ വാഹനാപകടങ്ങളിൽ മരിച്ചത് 5 പേരാണ്. ജില്ലയിൽ ദേശീ പാത നിർമാണം തുടങ്ങിയ ശേഷം അപകടങ്ങളിൽ പരുക്കേറ്റവർ നൂറു കണക്കിനുണ്ട്.