ആലപ്പുഴ തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിലെ അലംഭാവം കാരണം കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും പ്രദേശങ്ങൾ വെള്ളത്തിൽ. മുന്നൊരുക്കത്തിന്‍റെ കുറവാണ് വെള്ളക്കെട്ടുണ്ടാക്കിയതെന്ന ആക്ഷേപം ശക്തമാണ്. തോട്ടപ്പള്ളി പൊഴിമുഖം വഴിയാണ് കുട്ടനാട്ടിലെത്തുന്ന അധിക ജലം കടലിലേക്ക് ഒഴുകുന്നത്.
കുട്ടനാട്, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. മഴ കനത്തതോടെ വീണ്ടും പ്രളയ സമാനമായ സ്ഥിതിയാണ്. അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയും മുന്നൊരുക്ക കുറവുമാണ് ഇതിന് കാരണമായത്. ജില്ലയിൽ കടലിലേക്ക് വെള്ളം ഒഴുകുന്ന 19 പൊഴികളിൽ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികൾ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. എല്ലാ പൊഴിയും തുറന്നാൽ മാത്രമേ ആലപ്പുഴ ജില്ലയിൽ നിന്ന് വെള്ളപ്പൊക്ക ഭീഷണി ഒഴിയൂ.
തോട്ടപ്പള്ളിയിൽ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി പുതിയ പാലത്തിനായി പില്ലറുകൾ നിർമിച്ചിട്ടുണ്ട്. കിഴക്കൻ മലയോരത്ത് നിന്ന് കുട്ടനാട്ടിൽ എത്തുന്ന അധിക ജലം കടലിലേക്ക് സുഗമമായി ഒഴുകുന്നതിന് ഇത് തടസ്സമായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ കായംകുളം പൊഴിവഴിയാണ് കൂടുതൽ വെള്ളം ഒഴുകുന്നത്. അടച്ചിട്ടിരിക്കുന്ന തൃക്കുന്നപ്പുഴയിലെ രണ്ട് ചെക്ക് ഡാമുകളും തുറക്കണമെന്ന ആവശ്യവും ശക്തമാണ്.
കരിമണൽ നഷ്ടമാകുമോ ആശങ്കയെത്തുടർന്നാണ് കൂടുതൽ യന്ത്രങ്ങളെത്തിച്ച് പൊഴി മുറിക്കാത്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. തോട്ടപ്പള്ളി പൊഴിയുടെ വീതി വർധിപ്പിക്കാൻമന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊഴിയുടെ വീതി കൂട്ടാൻ 15 മണ്ണുമാന്തി യന്ത്രങ്ങൾ കൂടി എത്തിച്ചു