ദേശീയപാത ബൈപാസ് നിർമാണത്തിലെ അപാകത ആലപ്പുഴ നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയെ വെള്ളക്കെട്ടിലാക്കുമെന്ന് ആശങ്ക. വെള്ളം ഒഴുകുന്ന ഇടത്തോടുകളും പൈപ്പുകളും മണ്ണിട്ട് മൂടി. പുതുതായിനിർമിച്ച ഓടയിലൂടെ വെള്ളം ഒഴുകില്ല. ബൈപാസിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന ഗർഡറുകളിലെ നീണ്ടു നിൽക്കുന്ന കമ്പികൾ യാത്രക്കാർക്ക് അപകട ഭീഷണിയും ഉയർത്തുന്നു.
നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ മുതലപ്പൊഴി വഴിയാണ് കടലിലേക്ക് വെള്ളം ഒഴുകിയിരുന്നത്. കൈത്തോടുകളിലൂടെയും ബൈപാസിന്‍റെ അടിയിലൂടെയുള്ള പൈപ്പുകളിലൂടെയും ജലം ഒഴുകുന്നത് തടസപ്പെട്ടിരിക്കുകയാണ്. ബൈപാസ് നിർമ്മാണത്തിന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചപ്പോൾ പൈപ്പുകൾ പൊട്ടി. ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം ഒഴുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ നിർമാണ രീതി നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലെ മൂന്നു വാർഡുകളെ പൂർണമായി വെള്ളത്തിൽ മുക്കും. എട്ടുവാർഡുകളെ വെള്ളക്കെട്ട് ബാധിക്കും.
പുതുതായി നിർമിച്ച ഓട തറനിരപ്പിൽ നിന്ന് ഉയർന്നതായതിനാൽ വെള്ളം ഒഴുകില്ല. പഴയ ഓട പൊളിച്ചാണ് പുതിയത് നിർമിച്ചത്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ നിർമാണ പ്രവൃത്തികൾ തടയുമെന്ന് പ്രദേശവാസികൾ പറയുന്നു. അതേ സമയം ബൈപാസ് നിർമാണത്തിനുള്ള ഗർഡറുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഗർഡറിലെ നീണ്ട കമ്പികൾ തട്ടി നിരവധി പേർക്ക് പരുക്കേൽക്കുന്നുണ്ട്.