തിരുവനന്തപുരം മെട്രോയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ അഥവാ CMP പുതുക്കി നൽകിയെന്ന പ്രസ്താവനയിൽ KMRL നോട് വിശദീകരണം തേടി ഗതാഗത വകുപ്പ്. CMPയിൽ മാറ്റമില്ലെന്നാണ് സർക്കാരിനെ അറിയിച്ചിരുന്നത്. വൈരുദ്ധ്യം വിശദീകരിക്കാനാണ് നിർദ്ദേശം.
തിരുവനന്തപുരം മെട്രോയുടെ സിഎംപി പുതുക്കി നൽകണമെന്ന് 8 മാസത്തിനിടെ മൂന്നുതവണ ഗതാഗത വകുപ്പ് കെഎംആർഎല്ലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്ലാനിൽ മാറ്റമില്ലെന്ന മറുപടിയാണ് KMRL നൽകിയത്. പ്ലാൻ പുതുക്കി നൽകിയെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ വൈരുദ്ധ്യം വിശദീകരിക്കാനാണ് ഗതാഗത വകുപ്പ് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം മെട്രോയുടെ ഡിപിആർ നേരത്തെ സമർപ്പിച്ചിരുന്നു. അതിനു മുൻപ് സമർപ്പിക്കേണ്ട സിഎംപി പുതുക്കി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ ആകില്ല. 2017 ലെ മെട്രോ റെയിൽ നയം അനുസരിച്ച് സി എം പി പുതുക്കി നൽകണമെന്നാണ് സർക്കാരിൻറെ ആവശ്യം. 20 ലക്ഷം ജനസംഖ്യയുള്ള പ്രദേശങ്ങളിലാണ് മെട്രോ അനുവദിക്കുന്നത്. നിലവിലെ സി എം പി പ്രകാരം 20 ലക്ഷം ജനസംഖ്യ ഇല്ല. അധിക സാമ്പത്തിക ബാധ്യതയില്ലാതെ സിഎംപി പുതുക്കണമെന്നാണ് സർക്കാർ നിലപാട്. ഇതോട തിരുവനന്തപുരം മെട്രോയുടെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലായി. പാപ്പനംകോട് മുതൽ ഇഞ്ചക്കൽവരെ 31 കിലോമീറ്റർ ആണ് തിരുവനന്തപുരം മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.