തിരുവനന്തപുരം ജഗതിയില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ മര്‍ദിച്ച മുന്‍ പ്രധാന അധ്യാപികയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ബ്ലൈന്‍റ് ഫെഡറേഷന്‍ മാര്‍ച്ച് നടത്തി. സിസി ടിവിയില്ലെന്ന് കരുതി തന്നെ ചതിയില്‍പെടുത്താനായിരുന്നു ലീനയുടെ ശ്രമമെന്ന് മര്‍ദനമേറ്റ വി. വിനോദ് പ്രതികരിച്ചു.
ജഗതി അന്ധ വിദ്യാലയത്തിലെ പ്രധാനധ്യാപകന്‍റെ ചാര്‍ജ് വഹിക്കുന്ന വി. വിനോദിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ പ്രധാനധ്യപിക ലീന സി. ലംബോധരന്‍ മര്‍ദിച്ചത്. ഒന്നരമാസം മുന്‍പേ സ്ഥലംമാറ്റം ലഭിച്ചിട്ടും ലീന ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ക്വാര്‍ട്ടേഴ്സ് പരിശോധിച്ച് സാധനങ്ങളുടെ ലിസ്റ്റ് തിട്ടപ്പെടുത്തണമെന്ന് വിനോദ് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ലീന വിനോദിനെ മര്‍ദിക്കുകയായിരുന്നാണ് പരാതി.
നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഐഇഡി സെല്ലിന്‍റെ കോര്‍ഡിനേറ്ററായ ലീനയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ബ്ലൈന്‍റ് ഫെഡറേഷന്‍ മാര്‍ച്ച് നടത്തി. മര്‍ദനത്തില്‍ പരുക്കേറ്റ വിനോദ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മ്യൂസിയം പൊലീസ് ഭിന്നശേഷി നിയമപ്രകാരം ലീനയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.