തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭാ അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നഗരസഭാ ഓഫിസിനുള്ളിലേക്ക് തെരുവുനായ്ക്കളെ തുറന്നുവിട്ട് പ്രതിഷേധം. മഹാരാഷ്ട്രയിലെ നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫിസിലാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നായ്ക്കളെ തുറന്നുവിട്ട് പ്രതിഷേധിച്ചത്. ചീഫ് ഓഫീസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ചാക്കില്‍ കെട്ടി കൊണ്ടുവന്ന തെരുവുനായ്ക്കളെ ഉദ്യോഗസ്ഥന്റെ ചേമ്പറിലേക്ക് അഴിച്ചുവിടുകയായിരുന്നു.

നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ വർദ്ധിച്ചതോടെ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് പ്രതിഷേധം. തെരുവുനായ്ക്കളുടെ ഭയം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും സ്കൂളിൽ പോകുന്ന കുട്ടികൾ അടക്കം വലിയ രീതിയിലുള്ള ആക്രമണ ഭീഷണി നേരിടുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ പലതവണ നഗരസഭയ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സാധാരണക്കാരുടെ ഭയവും ബുദ്ധിമുട്ടും ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്താൻ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വിക്രം രന്ധവെ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ഭരണസമിതിയും ജീവനക്കാരും പ്രതിഷേധക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നഗരസഭാ ഓഫീസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസും പ്രാദേശിക ഭരണകൂടവും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണാമെന്ന് പൊലീസ് സാന്നിധ്യത്തിൽ അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ മടങ്ങിയത്.

ENGLISH SUMMARY:

Protesters led by Yuva Sena district president Vikram Randhave staged a unique demonstration against the worsening stray dog menace by releasing dogs inside the Niphada Nagar Panchayat office in Nashik, Maharashtra. The activists carried captured stray dogs in sacks and unleashed them directly inside the chamber of Chief Officer Dhiraj Bhamre. The dramatic protest was organized after local authorities repeatedly failed to act on complaints regarding rising dog attacks on school children and residents in the area. Normal official work was disrupted briefly until police intervened and municipal officials assured immediate measures to tackle the stray dog issue.